കോഴിക്കോട്: പിണറായി സർക്കാർ കൊട്ടിദ്‌ഘോഷിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ഉപസമിതി. പദ്ധതി പ്രായോഗികമല്ലെന്നാണ് യുഡിഎഫ് സമിതി നേതൃത്വത്തിനു റിപ്പോർട്ട് നൽകി. അതിവേഗ റെയിൽ പാത പരിസ്ഥിതിക്ക് വൻ ദോഷം ഉണ്ടാക്കുകയും കേരളത്തെ നെടുകെ മുറിക്കുകയും ചെയ്യും. പദ്ധതി സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കുമെന്നും എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള സമിതി യുഡിഎഫ് നേതൃത്വത്തിനു റിപ്പോർട്ട് നൽകി. റിപ്പോർട്ട് വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും.

കേരളത്തിന്റെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ നാഴികക്കല്ലാവാൻ പോകുന്നു എന്ന നിലയിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്ന കെ റെയിൽ ഉണ്ടായേക്കാവുന്ന വിപത്തുകളാണ് യുഡിഎഫ് ഉപസമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളത്തെ രണ്ടായി വേർതിരിക്കുന്ന പദ്ധതിയാണിതെന്നും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കെ റെയിൽ പദ്ധതിയുടെ സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനിൽക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതെന്നതും ശ്രദ്ധേയമാണ്. കെ റെയിൽ യാഥാർത്ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുന്നതിനിടെയാണ് യുഡിഎഫ് ഉപസമിതി റിപ്പോർട്ട് പുറത്ത് വരുന്നത്. അതിവേഗ പാത ഒരുക്കാൻ നിരപ്പായ സ്ഥലത്ത് നാലു മീറ്ററും ചതുപ്പിൽ പത്ത് മീറ്റർ ഉയരത്തിലും മണ്ണിട്ട് നിരത്തിയും പാളം നിർമ്മിക്കേണ്ടിവരും. ഈ നടപടി കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിനെയും ഇത് ബാധിക്കും.

63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കിൽ ചെലവ് ഒന്നേകാൽ ലക്ഷം കോടിയിലേറെ വരും. ഇത്രയേറെ ചെലവിൽ ഉണ്ടാക്കുന്ന പാളങ്ങൾ സ്റ്റാൻഡേർഡ് ഗേജ് ആയതിനാൽ മറ്റ് ട്രെയിനുകൾക്കൊന്നും ഓടാനുമാകില്ല. നിലവിലെ റെയിൽവെ പാതകളുടെ നവീകരണവും ചുരുങ്ങിയ ചെലവിൽ വിമാനത്താവളങ്ങൾ ബന്ധിപ്പിച്ചുള്ള വിമാനസർവ്വീസും ഉപസമിതി മുന്നോട്ട് വെക്കുന്ന ബദലാണ്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ ഒരു സ്റ്റാൻഡേർഡ് ഗേജ് ലൈൻ നിർമ്മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് കെ റെയിൽ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി യാഥാർഥ്യമായാൽ നാല് മണിക്കൂറിനുള്ളിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര ചെയ്യാനാവുമെന്നാണ് സർക്കാർ അവകാശവാദം.