മലപ്പുറം: പ്രീ പോൾ-എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൽഡിഎഫിന് തുടർഭരണമാണ് പ്രവചിക്കുന്നത്. എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിക്കുമ്പോഴും യുഡിഎഫ് ആത്മവിശ്വാസം കൈവിടുന്നില്ല. സർവേകളെല്ലാം തള്ളുന്ന നിലപാടിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. അതുകൊണ്ട് തന്നെ സൈബർ ഇടങ്ങളും വിജയം ആഹ്ലാദിക്കാനുള്ള വീഡിയോ തയ്യാറാക്കി കഴിഞ്ഞു. തങ്ങൾ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയാൽ സോഷ്യൽ മീഡിയയിൽ വിജയാഹ്ലാദത്തിന് വേണ്ടി പ്രചരണ ഗാനം ഒരുക്കിയിരിക്കുകയാണ് യുഡിഎഫ് ക്യാമ്പ്.

പാരഡി-ഇലക്ഷൻ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ അബ്ദുൾഖാദർ കാക്കനാട് ആണ് യുഡിഎഫ് ക്യാമ്പിനുള്ള വിജയാഹ്ലാദ ഗാനം ഒരുക്കിയിരിക്കുന്നത്. അബ്ദുൾഖാദർ തന്നെയാണ് ഗാനരചനയും ആലാപനവും. മുന്നണി-രാഷ്ട്രീയ ഭേദമന്യേ അബ്ദുൾഖാദർ ഗാനങ്ങൾ ഒരുക്കാറുണ്ട്. നീരജ് മാധവിന്റെ 'അയ്യയ്യോ പണി പണി പാളീല്ലോ എന്ന റാപ് സോംഗത്തിന്റെ പാരഡിയാണ് യുഡിഎഫ് വിജയഗാനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

അയ്യയ്യോ തോറ്റുപോയല്ലോ, സ്റ്റെപ്പിനിയായ ചങ്കുള്ളാശാൻ കടക്കുപുറത്ത് എന്ന് തുടങ്ങുന്നതാണ് ഗാനം. കടലിന്മക്കളുടെ കണ്ണീർച്ചുഴിയിൽ ഇടതൻ തീർന്നല്ലോ എന്ന് നീളുന്നു ഗാനം.എൽഡിഎഫ് ക്യാമ്പിന് വേണ്ടിയുള്ള വിജയാഹ്ലാദ ഗാനവും അബ്ദുൾ ഖാദർ പങ്കുവച്ചിട്ടുണ്ട്

അതേസമയം എൽ.ഡി.എഫ് സർക്കാരിന് ഭരണ തുടർച്ച എക്സിറ്റ് പോൾസർവ്വെകളെല്ലാം പ്രഖ്യാപിച്ചതോടെ നവ മാധ്യമങ്ങളിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാൻ സിപിഎം സൈബർ പോരാളികൾ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷം വിവിധ ആരോപണങ്ങൾ ഉന്നയിച്ചു സർകാരിനെ വെള്ളം കുടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അണിയറയിൽ ട്രോൾ മഴയും പൊങ്കാലയും ഒരുങ്ങുകയാണ്.

കേരളത്തിന്റെ ക്യാപ്റ്റനായി വീണ്ടും പിണറായി വിജയൻ എന്ന ഹാഷ് ടാഗിൽ ഒരുങ്ങുന്ന സോഷ്യൽ മീഡിയയിലൂടെ ആഹ്ളാദ പ്രകടനത്തിൽ ചെന്നിതലയ്ക്കെതിരെ തലനാരിഴ കീറിയുള്ള വിമർശനവും പരിഹാസവുമുണ്ടായേക്കും. ബെവ് കോ അഴിമതി, ആഴക്കടൽ മത്സ്യ ബന്ധനം, സ്വർണക്കടത്ത്, ലൈഫ് അഴിമതിക്കേസ്, ഡോളർ കടത്ത് തുടങ്ങി ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ആരോപണങ്ങൾ ബൂമറാങ്ങുപ്പോലെ തിരിച്ചടിച്ചുവെന്ന പരിഹാസവും കുറ്റപ്പെടുത്തലുമാണ് ജനവിധിയുടെ പശ്ചാത്തലത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.

പ്രതി പക്ഷ നേതാവിനെയും മറ്റു കോൺഗ്രസ് നേതാക്കളയും കടന്നാക്രമിച്ചുകൊണ്ടും ഇരട്ടച്ചങ്കനായ കേരളത്തിന്റെ കരുത്തനായ ക്യാപ്റ്റൻ മിന്നൽ പിണറായിയെന്ന് മുഖ്യമന്ത്രിയെ വാഴ്‌ത്തിയുമാണ് അണിയറയിൽ ട്രോളുകൾ ഒരുങ്ങുന്നത് പ്രതിപക്ഷ നേതാവ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ വീഡിയോ ക്ളിപ്പുകൾ ഉപയോഗിച്ചുകൊണ്ടാണ് അണിയറയിൽ ട്രോളുകൾ ഒരുങ്ങുന്നത്. കേരളത്തിൽ ചരിത്രത്തിലാദ്യമായി തുടർ ഭരണമുണ്ടാകുന്നത് ആവേശത്തോടെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതിനായി ആ നിമേറ്റഡ് ട്രോളുകളും വീഡിയോകളും വെർച്ച്വൽ റാലികളും വീഡിയോയുകളുമാണ് സിപിഎം സൈബർ പോരാളികൾ ഒരുക്കിയിരിക്കുന്നത്.