തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിഡ്‌കോയിൽ ഉൾപ്പെടെ നടന്നത് വഴിവിട്ട നിയമനങ്ങളെന്ന് രേഖകൾ. 2016ലെ സിഎജി റിപ്പോർട്ടിലാണ് ക്രമവിരുദ്ധമായ നിയമനങ്ങൾ സംബന്ധിച്ച് വ്യക്തമാക്കുന്നത്. എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പിഎസ്.സിയെ നോക്കുകുത്തിയാക്കി നിയമനങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുള്ളത്. സംസ്ഥാന സർക്കാറിന്റെ നിയമങ്ങൾക്കെതിരെ പ്രതിപക്ഷം രംഗത്തുവരുന്ന ഘട്ടത്തിൽ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.

പിൻവാതിൽ നിയമനങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്ന യുഡിഎഫിന്റെ കാലത്ത് നടന്ന ക്രമവിരുദ്ധ നിയമനങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിഡ്‌കോയിൽ ഉൾപ്പെടെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ നടന്ന ക്രമക്കേടുകളാണ് 2016ലെ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാതെ പൊതുമരാമത്ത് വകുപ്പിലും ആറ് പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 1686 കരാർ ജീവനക്കാരെയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചത്.

സിഡ്‌കോയിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലുമായി നടന്ന 161 സ്ഥിരനിയമനങ്ങൾ ക്രമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ പികെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരിക്കെയാണ് നിയമനങ്ങൾ. 2015 ഓഗസ്റ്റിൽ കിറ്റ്‌കോ വഴി സിഡ്‌കോയിൽ 11 നിർമ്മാണ യൂണിറ്റുകളിലായി 157 ജോലിക്കാരെ റിക്രൂട്ട് ചെയ്തു. നിയമനങ്ങൾ റിയാബിന് വിടണമെന്നുള്ള വ്യവസായവകുപ്പിന്റെ ഉത്തരവ് ലംഘിച്ചായിരുന്നു ഇത്. വെറും 40 ഒഴിവുകൾ മാത്രം ഉണ്ടായിരിക്കെയാണ് നാലിരട്ടിയോളം അധികം നിയമനങ്ങൾ.

നിയമന വേളയിൽ 120 പ്യൂൺ തസ്തിക തൊഴിലാളി വിഭാഗത്തിലാക്കിയതോടെ ആകെ നിയമനം 160 ആയി. സിഡ്‌കോയിലെ പ്യൂൺ നിയമനം പിഎസ്്‌സി വഴി ആയിരിക്കണമെന്നാണ് ചട്ടം. എന്നാൽ പിഎസ്്‌സിയുടെ അനുമതിയില്ലാതെ പ്യൂൺ തസ്തികയിൽ മാറ്റം വരുത്തി നേരിട്ട് നിയമനം നടത്തുകയായിരുന്നെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഏറെക്കാലമായി പ്രവർത്തിക്കാതിരുന്നതും പുനരുജ്ജീവിപ്പിക്കാൻ നിർദ്ദേശം ഇല്ലാതിരുന്നതുമായ നിർമ്മാണ യൂണിറ്റുകളിലായിരുന്നു നിയമനങ്ങൾ. നിർമ്മാണ യൂണിറ്റുകളിലേക്കായി റിക്രൂട്ട് ചെയ്തവരെ പിന്നീട് മാർക്കറ്റിങ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് നിയമിച്ചത്. നിയമനങ്ങളിലൂടെ സർക്കാരിന് ഉണ്ടായത് 2.30 കോടിരൂപയുടെ അധിക ബാധ്യത. റിക്രൂട്ടിംഗിൽ മാത്രമല്ല, ഉദ്യോഗാർത്ഥികൾക്ക് മാർക്ക് നൽകിയതിലും ക്രമക്കേട് നടന്നതായി സിഎജി കണ്ടെത്തി.

പിഎസ്്‌സിയുടെ മാർഗനിർദ്ദേശം മറികടന്ന് ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയ്ക്ക് പരമാവധി മാർക്ക് ആകെ മാർക്കിന്റെ അൻപത് ശതമാനമാക്കി. ഇതോടെ എഴുത്ത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർ സെലക്ഷൻ ലിസ്റ്റിൽ നിന്ന് പുറത്താവുകയും കുറഞ്ഞ മാർക്ക് നേടിയവർ ഇടംപിടിക്കുകയും ചെയ്തു. ഇന്റർവ്യൂ ബോർഡിൽ റിയാബിന്റെ പ്രതിനിധിയെ ഒഴിവാക്കി, സിഡ്‌കോയിൽ നിന്ന് തന്നെ മൂന്ന് പേരയും ഉൾപ്പെടുത്തി. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയിലും പിഎസ്്‌സിയെ മറികടന്ന് നിയമനങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.