മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ പുറത്തുവന്നപ്പോൾ എതിർപ്പുമായി രംഗത്തുവന്നത് കോൺഗ്രസ് നേതാക്കളായിരുന്നു. വർഗീയ കക്ഷികളെ കൂടുതലായി ആശ്രയിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു കോൺഗ്രസിന്. എന്നാൽ, കോൺഗ്രസിന്റെ ഈ എതിർപ്പു തള്ളിക്കൊണ്ടാണ് മുസ്ലിംലീഗ് രംഗത്തുവന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിലുള്ള ധാരണ കൈവന്നു കഴിഞ്ഞു.

മലപ്പുറത്ത് യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി സ്വന്തം ചിഹ്നത്തിൽ തന്നെ മത്സരിക്കും. സീറ്റ് വിഭജനം പലയിടങ്ങളിലും പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. യു.ഡി.എഫ് വെൽഫെയർ പാർട്ടി ധാരണ യാഥാർത്ഥ്യമായതോടെ ലീഗ് പലയിടങ്ങളിലും വെൽഫെയർ പാർട്ടിക്ക് സീറ്റ് വിട്ടുനൽകിയിട്ടുണ്ട്. മുസ്ലിംലീഗ് സീറ്റുകൾ വിട്ടു കൊടുത്തു കൊണ്ടാണ് വെൽഫെയർ പാർട്ടിയുമായി സഹകരണം തുടങ്ങിയത്.

വെൽഫെയർ പാർട്ടിയുമായുള്ള ഒരു ബന്ധത്തിനും കോൺഗ്രസില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജമാഅത്ത് ഇസ്ലാമിയും ആർ.എസ്.എസും വർഗീയതുടെ ഇരുവശങ്ങളാണ്. വർഗീയ കക്ഷികളോട് ഒരു ബന്ധവും പാടില്ലെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ഇതിന് തൊട്ടു പിന്നാലെയാണ് വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് സഖ്യം യാഥാർത്ഥ്യമാകുന്നത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടിയുമായി പ്രദേശികതലത്തിൽ സഖ്യമുണ്ടാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിൽ ചില മുസ്ലിം സംഘടനകൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വിഷയത്തിൽ ക്രിസ്ത്യൻ സംഘടനകളും എതിർപ്പറിയിച്ചിരുന്നു. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ ലീഗിനെതിരെ എതിർപ്പുമായി സമസ്ത ഇ.കെ വിഭാഗത്തിലെ ഒരു വിഭാഗവും എ.പി വിഭാഗവും മുജാഹിദ് വിഭാഗവും നേരത്തെ രംഗത്തെത്തിയിരുന്നു.

കാലങ്ങളായി ലീഗിനൊപ്പം നിൽക്കുന്ന ഇ.കെ വിഭാഗത്തിന്റെയും മുജാഹിദ് വിഭാഗത്തിന്റെയും എതിർപ്പ് യു.ഡി.എഫിന് തിരിച്ചടിയാകുമോ എന്ന ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ മുസ്ലിം ലീഗോ യു.ഡി.എഫോ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ സമസ്തയ്ക്ക് എതിർപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ.കെ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജിഫിരി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു.

മലപ്പുറത്തിന് പുറമെ മുക്കം നഗരസഭയിൽ വെൽഫെയർ പാർട്ടിക്ക് ഉറച്ച സ്വാധീനമുള്ള ചേന്ദമംഗലൂരിലെ 18,19,20,23 വാർഡുകൾ യു.ഡി.എഫ് വെൽഫെയർ പാർട്ടിക്ക് നൽകിയെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ുഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന പേരിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുക. തുടക്കം മുതൽ വെൽഫെയർ പാർട്ടി സഖ്യത്തിന്‌ലീഗ് ശ്രമം നടത്തിയിരുന്നു. ഈ നീക്കത്തെ സിപിഐഎം രാഷ്ട്രീയമായി നേരിടുകയും സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകൾ എതിർപ്പുമായി രംഗത്തുവരികയും ചെയ്തു. ഇതേ തുടർന്നാണ് പരസ്യമായ ധാരണ വേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം എത്തിയത്.