കാസർകോട്: ഉദുമയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അൻവറിനെ കർണ്ണാടക ഹാസൻ പൊലീസ് സഹായത്തോടെ ബേക്കൽ പൊലീസ് അതി സാഹസികമായി രക്ഷപെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കഥ ഞെട്ടിക്കുന്നതാണ്.

അൻവറിനെ തട്ടിക്കൊണ്ട് പോയ കാർ കർണാടകയിലെ ഹാസൻ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് കാസർകോട് ജില്ല പൊലീസ് മേധാവി പി.ബി രാജീവിന്റെ നിർദ്ദേശ പ്രകാരം, ബേക്കൽ ഡിവൈ.എസ്‌പി സി.കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ. രാജീവൻ, ജോൺ, എഎസ്ഐ അബൂബക്കർ, സി.പി.ഒ ദീപക്, നിശാന്ത്, സജിത്ത്, വിജയൻ എന്നിവർ ഹാസനിലേക്ക് തിരിച്ചു.

കാസർകോട് എസ്‌പി. വിവരം നൽകിയതിനെ തുടർന്ന് ഹാസൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് നിശാന്തിനി, ഗുരുർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സാഗർ എന്നിവരുടെ നേതൃത്വത്തിൽ ഹാസൻ പൊലീസിന്റെ സഹായത്താൽ കളവ് ചെയ്തു കൊണ്ട് പോയ വാഹനത്തെ ബാരിക്കേഡ് വെച്ചു തടഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട അൻവറിനെ അതി സാഹസികമായി രക്ഷപ്പെടുത്തുകയും, കളവ് ചെയ്ത ഹുൺഡായ് ക്രേറ്റ കാർ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത് . ഉദുമ പള്ളത്തെ കോടംകൈ ലോഡ്ജിൽ താമസിക്കുകയായിരുന്ന അൻവറിനെ ബുധനാഴ്ച പുലർച്ചെ 12.15 മണിക്കാണ് നിലവിൽ പാക്യര പ്രദേശത്ത് താമസിച്ചു വരുന്നു താജുദ്ധീൻ ഇല്ലിയാസ് എന്ന ഇമതിയാസ് , അർഷാദ്, റഷീദ് അമ്പലത്തറ കോട്ടപ്പാറ സ്വദേശി നവാസും ഉൾപ്പടെ പന്ത്രണ്ടോളം വരുന്ന സംഘം കത്തി കാണിച്ചു കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നാസറിന്റെ ഹുൺഡായ് ക്രേറ്റ കാറിൽ അൻവറിനെ തട്ടി കൊണ്ടുപോയെന്ന വിവരമാണ് ആദ്യം പുറത്തു വന്നത്.

മലപ്പുറം കൊണ്ടോട്ടി സ്വദേശി അൻവർ മയക്കുമരുന്നായ മെത്തലീൻ ഡയോക്‌സി മെത് ആംഫ്റ്റമൈൻ എന്ന എം ഡി എം ( കല്ല്) ഇടപാടുമായാണ് കാസറകോട് ഉദുമയിൽ എത്തുന്നത്. ഇമതിയാസിനോട് മയക്കുമരുന്ന് ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച് വന്ന ഫോൺ കോളുകളിലൂടെയാണ് സംഭവത്തിന് തുടക്കം കുറിക്കുന്നത്.

അൻവറുമായി ബന്ധപ്പെട്ട ആളാണ് ഇവർക്ക് ഫോൺ ചെയ്തത്. മൊത്തവിപണിയിൽ 154000 രൂപയുടെ എം ഡി എം മയക്ക് മരുന്നുണ്ടെന്ന് അറിച്ചപ്പോൾ ഇത്ര വലിയ ക്വാണ്ടിറ്റി തങ്ങൾക്ക് ആവശ്യമില്ലെന്നും കുറച്ച് മതിയെന്നും ഫോൺ വിളിച്ച വ്യക്തിയെ അറിയിക്കുന്നു. ഇതോടെ കച്ചവടം അലസിപ്പോയെങ്കിലും മലപ്പുറം സ്വദേശിയുടെ കയ്യിൽ പണവും മയക്കുമരുന്നു ഉണ്ടെന്ന് മനസിലാക്കിയ ഇവർ അത് തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കുന്നു.

തുടർന്ന് പന്ത്രണ്ടോളം വരുന്ന സംഘവുമായി ഹോട്ടലിലെത്തുകയും ഭീക്ഷണിപ്പെടുത്തി മയക്കുമരുന്ന് ആവശ്യപെടുകയും ചെയ്തു.എന്നാൽ മയക്കുമരുന്ന് തന്റെ കൈവശമില്ലെന്നും കർണാടകയിൽ നിന്ന് വാങ്ങിക്കേണ്ടതാണെന്നും അറിയിച്ചതോടെയാണ് അൻവറിനെ സംഘം തട്ടിക്കൊണ്ടുപോകുന്നത്. ഒന്നുങ്കിൽ മയക്കുമരുന്ന് വാങ്ങിക്കാൻ വച്ച പണമോ മയക്കുമരുന്നോ കൈക്കലാക്കാൻ ഉദ്ദേശിച്ചാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ സംഭവം പൊലീസ് അറിഞ്ഞതോടെയാണ് എല്ലാം പാളിപോയത് .

തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ടിരുന്നു. താജുദ്ധീനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലാക്കി.മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു