ലണ്ടൻ: ബ്രിട്ടനിൽ രോഗവ്യാപനതോത് വീണ്ടും 68 ശതമാനത്തോളം വർദ്ധിച്ചിരിക്കുന്നു. ഇന്നലെ 54,674 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 68 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ജനുവരിയിൽ രണ്ടാം തരംഗം അതിന്റെ മൂർദ്ധ്യത്തിലായിരുന്ന ഘട്ടത്തിലേതിനു സമാനമായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 50,000 കടന്നിരിക്കുന്നു. ഇതിനൊപ്പം മരണ നിരക്കും വർദ്ധിക്കുകയാണ്. ഇന്നലെ 41 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 20.6 ശതമാനം കൂടുതൽ.

ഏറ്റവും അവസാനം കിട്ടിയ വിവരമനുസരിച്ച് ജൂലായ് 13 ന് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടാകുന്നു. അന്നേ ദിവസം 740 പേരെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുന്നത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 30.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. വരുന്ന ശരത്ക്കാലത്തിന്റെ അവസാനം വരെ രോഗവ്യാപനം തുടരും എന്നാണ് ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രതിദിനം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 1 ലക്ഷം കടക്കും എന്നും അവർ പറയുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി, സ്വാതന്ത്ര്യത്തിലേക്ക് കാൽച്ചുവട് വയ്ക്കാൻ ഇനി ഒരു ദിവസം മാത്രം അവശേഷിച്ചിരിക്കെയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് വരുന്നത്. സാഹചര്യം വളരെ ഗുരുതരമാണെന്നാണ് കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി ചെയർമാൻ ജെറെമി ഹണ്ട് വിലയിരുത്തുന്നത്. ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നതോടെ രോഗവ്യാപനതോത് വർദ്ധിക്കുമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗമായ പ്രൊഫസർ ജോൺ എഡ്മണ്ട്സും മുന്നറിയിപ്പ് നൽകുന്നു. ഫ്രാൻസിൽ പടരുന്ന ബീറ്റ വകഭേദം ആശങ്കപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപക്ഷെ ഇത് വാക്സിനെതിരെ പ്രതിരോധം തീർത്തേക്കാം.

എല്ലാവർക്കും വാക്സിന്റെ രണ്ടു ഡോസുകളും ലഭ്യമാക്കുന്നതിനു മുൻപ് തന്നെ ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പ്രൊഫസർ എഡ്മണ്ട്സ് പറയുന്നു. ഇതോടെ വാക്സിൻ എടുക്കാത്തവരിൽ രോഗം പടരാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. യുവാക്കളാണ് പ്രധാനമായും ഈ ഗണത്തിൽ പെടുന്നത് എന്നതും ശ്രദ്ധേയമാണ്. വെള്ളിയാഴ്‌ച്ച നടന്ന അടിയന്തര ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ദർ ലോക്ക്ഡൗൺ പിൻവലിക്കാനുള്ള തീരുമാനത്തെ കടുത്തഭാഷയിൽ വിമർശിച്ചു.

ലോക്ക്ഡൗൺ പിൻവലിക്കാൻ കേവലം ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇന്നലെ ബീച്ചുകളിലും മറ്റും ജനങ്ങൾ തടിച്ചുകൂടി ആഘോഷമാക്കി. ലോക്ക്ഡൗൺ പിൻവലിച്ചതിനു ശേഷം ജനങ്ങൾ എങ്ങനെ പെരുമാറും എന്നതിന് ഉത്തമോദാഹരണമാണിത്. ഇതുപോലെ തുടർന്നാൽ അധികം താമസിയാതെ എൻ എച്ച് എസ് രോഗികളെക്കൊണ്ട് നിറയുമെന്നും വിദഗ്ദർ പറയുന്നു. ഉയർന്ന നിരക്കിൽ വാക്സിൻ നൽകിയിട്ടും ഇസ്രയേലിനും നെതർലാൻഡ്സിനും ചില നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരേണ്ടിവന്ന കാര്യവും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.