ലണ്ടൻ: വാഹനമോടിക്കുന്നവർ ഇനി കൂടുതൽ കരുതിയിരിക്കണം. പുതുക്കിയ് നിയമമനുസരിച്ച് മദ്യപിച്ച് വണ്ടിയോടിച്ചോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ചോ ഉണ്ടായ അപകടത്തിൽ ആരെങ്കിലും മരണമടഞ്ഞാൽ ജീവിതകാലം മുഴുവൻ അഴിയെണ്ണേണ്ടതായി വന്നേക്കാം. അതുപോലെ അപകടമുണ്ടാക്കി ഗുരുതരമായ പരിക്കേൽപ്പിച്ചാലും ഇനി മുതൽ കടുത്ത ശിക്ഷയായിരിക്കും. അതുപോലെ, അമിത വേഗം, മത്സരയോട്ടം തുടങ്ങിയവ മൂലമുള്ള അപകടങ്ങളിലും ആളുകൾ മരണമടഞ്ഞാലും ആജീവനാന്ത ജയിൽ വാസം ഉറപ്പാക്കാം.

നിലവിലുള്ള 14 വർഷത്തെ തടവുശിക്ഷ കുറ്റകൃത്യത്തിന്റെ കാഠിന്യം പ്രതിഫലിപ്പിക്കുന്നില്ല എന്നാണ് ഇക്കാര്യത്തിൽ മന്ത്രിമാർ പറയുന്നത്. അതിനോടൊപ്പം തന്നെ വലിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കൗമാരപ്രായക്കാർക്കും ആജീവനാന്ത തടവ് വിധിക്കാനാകും.നിലവിൽ 21 വയസ്സിൽ താഴേയുള്ളവർക്ക് ആജീവനാന്ത തടവ് ശിക്ഷ വിധിക്കാൻ നിയമം അനുവദിക്കുന്നില്ല. അപകടകങ്ങൾക്ക് ഇരയായവരുടെ ബന്ധുക്കളുടെ തുടർച്ചയായ പരിശ്രമവും, ഏകദേശം 70 ശതമാനത്തോളം പേർ അനുകൂലിച്ച് അഭിപ്രായ സർവ്വേക്കും ശേഷം രൂപീകരിച്ച ഈ നിയമം അടുത്ത വർഷം മുതൽ നിലവിൽ വരും.

കുറ്റകൃത്യത്തിന് തക്ക ശിക്ഷ നൽകണം എന്നതുതന്നെയാണ് സർക്കാരിന്റെ അഭിപ്രായം. എന്നാൽ അത് നടക്കുന്നില്ലെന്നാണ് ഇരകളുടെ ബന്ധുക്കൾ പറയുന്നത്. അതുകൊണ്ടാണ് അടുത്ത വർഷം ആദ്യം മുതൽ നടപ്പാക്കാവുന്ന രീതിയിൽ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ലോർഡ് ചാൻസലർ, റോബർട്ട് ബക്ക്ലാൻഡ് പറഞ്ഞു.

ഈ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ വാഹനമോടിക്കുന്നവർ കൂടുതൽ കരുതിയിരിക്കേണ്ടി വരും. മദ്യപിച്ച് വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക തുടങ്ങിയ സ്വഭവങ്ങൾ മാറ്റുക. അതുപോലെ അമിത വേഗവും മത്സരയോട്ടവും നിർബന്ധമായും ഒഴിവാക്കണം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ അഴികൾക്കുള്ളിൽ കിടക്കേണ്ടതായി വരും.