ലണ്ടൻ: മദ്യവും മയക്കുമരുന്നും നിറഞ്ഞ ഒരു രാത്രി ആഹ്ലാദഭരിതമാക്കിയശേഷം വീണ്ടും മയക്കുമരുന്ന് തേടിപ്പോകവേ കാർ അപകടത്തിൽ പെട്ട മോഡൽ കെയ്റ്റീ പ്ര്സിസിനെ പ്രയറി ക്ലിനിക്കിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ വരുന്നു. താൻ മയക്കുമരുന്നു കഴിച്ചിരുന്നെന്നും വാഹനം ഓടിക്കാൻ പാടില്ലായിരുന്നെന്നും അവർ തന്നെ അറസ്റ്റ് ചെയ്ത പൊലീസുകാരോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.സസ്സെക്സിലെ തന്റെ വീടിനു സമീപമം വച്ചായിരുന്നു അഞ്ചു കുട്ടികളുടെ അമ്മയായ കെയ്റ്റീ അപകടത്തിൽ പെട്ടത്.

ഇന്നലെ ക്രോളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് മേൽ മൂന്ന് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. മദ്യപിച്ചു വാഹനമോടിച്ചു, ഡ്രൈവിങ് വിലക്കുണ്ടായിരുന്ന സമയത്ത് വാഹനമോടിച്ചു, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചു എന്നീ മൂന്ന് കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് കഴിച്ച് വാഹനമോടിച്ചു എന്ന കുറ്റം ചേർത്തിട്ടില്ല. മദ്യപിച്ചു വാഹനമോടിച്ചു എന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റം ഒഴിവാക്കിയതെന്നാണ് സൂചന.

പാർട്ടിക്കിടെ കാമുകനായ കാൾ വുഡ്സുമായി ഒരു വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് മദ്യപിച്ച അവസ്ഥയിലും കെയ്റ്റീ വാഹനമോടിക്കാൻ തയ്യാറായതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. കെയ്റ്റിയും കാളുമായി വാക്കുതർക്കം ഉണ്ടായതായി അവരുടെ സുഹൃത്തുക്കൾ സ്ഥിരീകരിച്ചതായും ചില വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്‌ച്ചയായി കെയ്റ്റീ ഏറെ സമ്മർദ്ദത്തിലായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു.

പടിഞ്ഞാറൻ സസ്സെക്സിലെ ഹോർഷാം വാസിയായ കെയ്റ്റി പ്രൈസ് വെസ്റ്റ് ഗ്രിൻസ്റ്റെഡിലെ ഒരു റോഡിലായിരുന്നു താൻ ഓടിച്ചിരുന്ന വാഹനത്തിൽ അപകടത്തിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ കൊക്കെയ്ൻ കഴിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ആറു മാസത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്നും വിലക്കു നേരിടുന്ന സമയത്താണ് ഈ മോഡൽ കാറോടിച്ച് അപകടത്തിൽ പെടുന്നത്. താൻ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നും താൻ മയക്കുമരുന്ന് കഴിച്ചിരുന്നു എന്നും അവർ പൊലീസിനോട് വെളിപ്പെടുത്തി.

ഇതോടെ ജയിൽ വാസം ഏതാണ്ട് ഉറപ്പായിരിക്കുകയാണ് ഇവർക്ക്. ഡിസംബറിലായിരിക്കും കേസ് വിചാരണയ്ക്ക് എടുക്കുക. ഇപ്പോൾ ചികിത്സകൾക്കായി പ്രയറി ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ. ഇതിനു മുൻപും പല കാരണങ്ങൾ കൊണ്ട് ആറു തവണ ഇവരെ ഡ്രൈവിംഗിൽ നിന്നും വിലക്കിയിട്ടുണ്ട്. ഇപ്പോഴും ഡ്രൈവിങ് വിലക്ക് നേരിടുകയാണ് ഇവർ. കെയ്റ്റിയുടെ പരിക്ക് ഗുതരമല്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും ഇവരുടേ ചികിത്സയ്ക്കായി കേസിന്റെ വിചാരണ 11 ആഴ്‌ച്ചക്കാലത്തേക്ക് നീട്ടിവച്ചതായി ഇവരെ അറിയിച്ചിട്ടുണ്ട്. ഡിസംബർ 15 നായിരിക്കും കേസ് വിചാരണയ്ക്ക് എടുക്കുക.