ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ വെയിൽസിലെ ഒരു നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. കുത്തിവയ്പിന് ശേഷം ശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിക്കുവാൻ ആഴ്‌ച്ചകളോളം വേണ്ടിവരും എന്നാണ് ഇത് കാണിക്കുന്നത് എന്നാണ് വിദഗ്ദർ പറയുന്നത്. ഫൈസർ വാക്സിന്റെ രണ്ടാം ഘടു എടുക്കുവാനായി കാത്തിരിക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അവർ പറഞ്ഞു. ഹൈവെൽ ഡാ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ് ഏരിയയിലാണ് ഇവർ ജോലി ചെയ്യുന്നത്.

നിങ്ങൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നല്ലാതെ ഒരു വാക്സിനും നൂറു ശതമാനം സംരക്ഷണം ഉറപ്പാക്കുന്നില്ല എന്നാണ് ഹെൽത്ത് ബോർഡും പറയുന്നത്. അതേസമയം ഈ രംഗത്തെ വിദഗ്ദർ പറയുന്നത്, വാക്സിനു ശേഷം ദിവസങ്ങൾ വേണ്ടിവരും വൈറസിനെ ചെറുക്കുന്നതിനുള്ള പ്രതിരോധ ശേഷി വികസിച്ചു വരുവാൻ എന്നാണ്. അതുകൊണ്ടുതന്നെ, വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാലും കൊറോണവൈറസ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ ജീവിക്കേണ്ടതായി വരും.

ഈ ഘട്ടത്തിൽ രോഗബാധിതയായിതിൽ ദുഃഖവും കോപവും ഉണ്ടെന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ നഴ്സ് പറഞ്ഞത്. ഏറെ കാത്തിരിപ്പിനു ശേഷം ഡിസംബർ അവസാനമായിരുന്നു ഇവർക്ക് ഫൈസർ വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചത്. വാക്സിനേഷൻ കഴിഞ്ഞപ്പോൾ ഒരു സുരക്ഷിത ബോധം തോന്നി എന്ന് ഇവർ പറയുന്നു. തന്റെ കുടുംബത്തിനായി ഒരു നല്ലകാര്യമാണ് താൻ ചെയ്തതെന്ന തോന്നലും വന്നിരുന്നു. എന്നാൽ അതൊരു കപട സുരക്ഷിതത്വ ബോധമായി മാറിയിരിക്കുന്നു എന്ന് അവർ ഖേദത്തോടെ പറയുന്നു.

വാക്സിൻ എടുത്തതിന് ശേഷം ചുരുങ്ങിയത് പത്തു ദിവസമെങ്കിലും എടുക്കും ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി വികസിപ്പിക്കാൻ എന്ന് വാക്സിൻ എടുക്കുന്ന വേളയിൽ പറഞ്ഞിരുന്നതായി ഇവർ വെളിപ്പെടുത്തുന്നു. എന്നാൽ വാക്സിൻ എടുത്തതിന് മൂന്നാഴ്‌ച്ചകൾക്ക് ശേഷമാണ് ചില ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയതെന്ന് ഇവർ പറഞ്ഞു. കടുത്ത പനിയും ചുമയും ശ്വാസതടസ്സവുമായിരുന്നു അനുഭവപ്പെട്ടത്. തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.

കടുത്ത രോഗബാധ തടുക്കുവാൻ കഴിവുള്ളവയാണ് വാക്സിനുകൾ എന്നാണ് കാണുന്നത്. അതുകൊണ്ടുതന്നെ വാക്സിൻ എടുത്താൽ രോഗബാധയുണ്ടായാലും അത് ഗുരുതരമാകാതെ തടയാനാകും. ഇതുവരെ മൂന്ന് കോവിഡ് വാക്സിനുകൾക്കാണ് ബ്രിട്ടനിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. അതിൽ ആദ്യമെത്തിയ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയാണ് ഉറപ്പുനൽകുന്നത്. ഇതിനൊപ്പം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനും ഇപ്പോൾ നൽകി വരുന്നുണ്ട്. മറ്റൊരു വാക്സിനായ മോഡേണയുടെ വാക്സിന് ഇന്നലെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

അതേസമയം, വാക്സിൻ സ്വീകരിക്കുന്നവർ ഇപ്പോഴെടുക്കുന്ന മുൻകരുതലുമൾ ഒഴിവാക്കരുതെന്ന് വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. സംരക്ഷണം ഉണ്ടെങ്കിൽ പോലും വൈറസ് നമുക്ക് ചുറ്റും തന്നെയുണ്ടെന്ന വിചാരത്തിലായിരിക്കണം ജീവിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വാക്സിനും നൂറുശതമാനം ഉറപ്പ് നൽകുന്നില്ല, മറിച്ച് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.