ലണ്ടൻ: വേലിതന്നെ വിളവ് തിന്നുന്ന കഥ ബ്രിട്ടനിൽ പുറത്തുവരുന്നു. ഏകദേശം 2000 പൊലീസുകാരും കമ്മ്യുണിറ്റി സപ്പോർട്ട് ഓഫീസർമാരുമടങ്ങുന്ന നിയമപാലകർ കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളികളായതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൽ 370 എണ്ണം ലൈംഗിക കുറ്റകൃത്യങ്ങളാണ്. 100 ന് അടുത്ത് ബലാത്സംഗ കേസുകളും 18-ഓളം ബാലപീഡനകേസുകളും ഉണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും ആശങ്കയുണർത്തുന്ന കാര്യം ഇതിൽ 8 ശതമാനം കേസുകളിൽ മാത്രമാണ് പ്രതികളായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് എന്നതാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലേയും 43 പൊലീസ് ഫോഴ്സുകളിൽ 39 എണ്ണത്തിൽ നിന്നും ലഭിച്ച പ്രതികരണമാണിത്. മാത്രമല്ല, ഇതിൽ ഭൂരിപക്ഷം കേസുകളിലും പ്രതികൾ പുരുഷന്മാരാണ് എന്നും പറയുന്നു.

ബേൺമൗത്ത് യൂണിവേഴ്സിറ്റി നടത്തിയ മറ്റൊരു പഠനത്തിൽ തെളിഞ്ഞത് കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടയിൽ 33 ഫോഴ്സുകളിലായി 514 ലൈംഗിക് അതിക്രമ കേസുകൾ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അതിൽ ഏറ്റവും അധികമുള്ളത് അധികാരമുപയോഗിച്ച് ലൈംഗിക അതിക്രമം നടത്തി എന്നതാണ്. സാറാ എവെറാർഡ് എന്ന യുവതിയെ മെറ്റ് ഓഫീസർ വെയ്ൻ കൊസൻസ്ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവം അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിനെ തുടർന്ന് ലൈംഗിക അതിക്രമങ്ങളിൽ ഉൾപ്പെട്ടിട്ടും ഇപ്പോഴും ജോലിയിൽ തുടരുന്ന പൊലീസുകാരുടെ കേസുകൾ പുനപരിശോധിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്.

ഇതുസംബന്ധിച്ച് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രു സ്വതന്ത്രാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപമര്യാദയായി പെരുമാറിയതടക്കം നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും കോസെൻസിനെ പോലെയൊരാൾക്ക് പൊലീസിൽ ജോലിയിൽ തുടരാൻ സഹായകരമായ, നിയമത്തിലെ പഴുതുകളായിരിക്കും പ്രധാനമായും അന്വേഷണ വിധേയമാവുക. സിവിൽ ന്യുക്ലിയാർ കോൺസ്റ്റാബുലേറ്ററിയിൽ ഉണ്ടായിരുന്ന ഇയാളുടെ മുൻ സഹപ്രവർത്തകർ ഇയാളെ ബലാത്സംഗ വീരൻ എന്നാണ് വിളിച്ചിരുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്ത്രീകളോട് തുടർച്ചയായി അപമര്യാദയായി പെരുമാറിയിരുന്നതുകൊണ്ടായിരുന്നത്രെ ഇത്.

ഈ വർഷം മാർച്ചിലായിരുന്നു ഇയാൾ ഡിപ്പാർട്ട്മെന്റ് വക വിലങ്ങും വാറന്റ് കാർഡും ഉപയോഗിച്ച് 33 കാരിയായ മാർക്കറ്റിങ് മാനേജരെകപട അറസ്റ്റിൽ കുടുക്കി ബലാത്സംഗം ചെയ്തുകൊന്നത്. അധികാര ദുർവിനിയോഗം ചെയ്ത് കേസുകളിൽ ഇരകളാകുന്ന സ്ത്രീകളെ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിക്കുക എന്നാതാണ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പൊതുവെ നടക്കുന്ന കുറ്റം എന്നാണ് ബേൺമൗത്ത് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ തെളിഞ്ഞത്.

ഇത്തരത്തിൽ ലൈംഗികാതിക്രമം തെളിഞ്ഞ 514 കേസുകളിൽ 15 ശതമാനത്തിലും സർജന്റ് റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥരാണ് പ്രതികളെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 30 ഉദ്യോഗസ്ഥ ഇൻസ്പെക്ടർ റാങ്കിനും അതിനു മുകളിലും ഉള്ളവരായിരുന്നു. ഏറ്റവും അധികം ഉള്ളത് അസ്സിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റാങ്കിലുള്ളവരാണ്. 2016-നും 2020 നും ഇടയിൽ സ്‌കോട്ട്ലാൻഡ്യാർഡിലെ ഉദ്യോഗസ്ഥർക്കെതിരെ 500 ലൈംഗികാതിക്രമ പരാതികൾ ലഭിച്ചതായി മറ്റൊരു പഠനവും വെളിപ്പെടുത്തിയിട്ടുണ്ട്.