ലണ്ടൻ: ബ്രിട്ടനുൾപ്പടെയുള്ള പാശ്ചാത്യ ശക്തികളിൽ വിശ്വാസമർപ്പിച്ച്, പഴയ സർക്കാർ നൽകിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയ നിരവധി പേർ ഇന്ന് അഫ്ഗാനിസ്ഥാനിൽ മരണഭയത്തിൽ കഴിയുകയാണ്. അതിൽ ഏറ്റവും വലിയ ചതിപറ്റിയത് 35 വനിത ജഡ്ജിമാർക്കാണ്. നിലവിൽ ഒളിവിൽ കഴിയുന്ന ഇവരുടെ വിസയ്ക്കുള്ള അപേക്ഷ ബ്രിട്ടൻ തള്ളിക്കളഞ്ഞതോടെ തീർത്തും നിസ്സഹായാവസ്ഥയിലായിരിക്കുകയാണിവർ. താലിബാൻ ഇവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക ചുമതലയിൽ ഇരുന്നപ്പോൾ പല ഭീകരേയുംജയിലിലടച്ചതിന്റെ പ്രതികാരം തീർക്കാൻ കാത്തിരിക്കുന്നവർ മറുഭാഗത്തും.

ഒരു പുതിയ അഫ്ഗാൻ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി നീതിപൂർണ്ണമായ ഒരു നീതിന്യായ പരിപാലന സംവിധാനം ഒരുക്കി എന്നതാണ് ഇവരുടെ തെറ്റ്. ബ്രിട്ടൻ ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികളുടെ പിന്തുണയിൽ വിശ്വസിച്ച് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇവർ ഇന്ന് ഏതു നിമിഷവും ഭീകരരുടെ ആയുധങ്ങൾക്ക് ഇരയായേക്കാം എന്ന ഭയത്തിൽ ഒളിവിൽ കഴിയുകയാണ്. ഇവരുടെ വിസ അപേക്ഷകൾ കൂടി നിരസ്സിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിവർ.

അതേസമയം പ്രമുഖ നിയമകാര്യ സ്ഥാപനമായ മിഷ്‌കോൺ ഡി റേയ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്. ഒരു ജുഡീഷൻ റീവ്യു ആണ് ഇവർ ആവശ്യപ്പെടുന്നത്. വനിത ജഡ്ജിമാർ മരണഭയത്തിൽ കഴിയുകയാണെന്നും വിസ അനുവദിക്കുന്നതിൽ വരുന്ന കാലതാമസം അവരെ മാനസികമായി തകർക്കുമെന്നും സോളിസിറ്റർ മറിയ പാറ്റ്സാലോസ് പറഞ്ഞു. എന്നാൽ, ലഭിച്ച വിസ അപേക്ഷകളെല്ലാം തന്നെ സർക്കാർ വിശദമായി പരിശോധിച്ചു എന്നും അർഹതയുടെ അടിസ്ഥാനത്തിലാണ് ഓരോ അപേക്ഷയും അനുവദിച്ചിട്ടുള്ളത് എന്നുമാണ് സർക്കാർ വക്താവ് പറയുന്നത്.

ഇതിനിടയിൽ ബ്രിട്ടനെയും മറ്റു പാശ്ചാത്യ ശക്തികളേയും സഹായിച്ച മറ്റനേകം പേരുടെ ജീവൻ അപകടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഈയിടെ പ്രതിരോധ മന്ത്രാലയം അയച്ച ഒരു സന്ദേശത്തിൽ 55 പേരുടെ ഈ മെയിൽ അഡ്രസ്സുകൾ മറ്റുള്ളവർക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചതോടെ, ദ്വിഭാഷികളായി ജോലിചെയ്തവർ ആരൊക്കെയെന്നുള്ള വിവരം ചോർന്നതായാണ് പറയുന്നത്. നിലവിൽ ഏകദേശം 250 ഓളം ദ്വിഭാഷികളാണ് താലിബാനെ ഭയന്ന് ഒളിവിൽ കഴിയുന്നത്.

ഈ മെയിൽ സന്ദേശം അയച്ച ഉദ്യോഗസ്ഥ ''ബ്ലൈഡ് കോപി'' സൗകര്യം ഉപയോഗിക്കാതെ പോയതിനാലാണ് ഈ മെയിൽ അഡ്രസ്സുകൾ ചോർന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബ്രിട്ടന്റെ പുനരധിവാസ പാക്കേജിന് അർഹരായവരുടെ വിവരങ്ങളാണ് ചോർന്നത് എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്.