കാബൂൾ: ലോകത്തെ തീവ്രവാദ സംഘടനകളിൽ പ്രമുഖരായിരുന്നു താലിബാൻ കുറച്ചു കാലം മുതൽ. എന്നാൽ, ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ഭരണത്തിലേറാൻ പോകുന്ന താലിബാനോടുള്ള സമീപനത്തിൽ മാറ്റം വരുത്തുകായാണ് ലോക രാഷ്ട്രങ്ങൾ. യുഎൻ രക്ഷാ സമിതിയിലുള്ള രാജ്യങ്ങളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. ഭാവിയിൽ താലിബാനെ യുഎൻ അംഗീകരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തെ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ താലിബാനെ കുറിച്ച് പരാമർശിക്കാതെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ രംഗത്തുവന്നു. മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരവാദികളെ അഫ്ഗാനിൽ നിന്നുള്ള സംഘടനകൾ സഹായിക്കരുതെന്നായിരുന്നു യു.എൻ. പ്രസ്താവന. ഇതിലാണ് താലിബാനെ കുറിച്ച് പരാമർശിക്കാതിരുന്നത്. വ്യാഴാഴ്ചയാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഇരട്ട ചാവേറാക്രമണം നടന്നത്.

ഓഗസ്റ്റ് മാസത്തിൽ യു.എൻ. സെക്യൂരിറ്റി കൗൺസിലിന്റെ അധ്യക്ഷപദം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ പ്രസ്താവനയ്ക്ക് അംഗീകാരം നൽകുകയും ചെയ്തു. അതേസമയം, കാബൂൾ താലിബാന് മുന്നിൽ പരാജയപ്പെട്ടതിന് പിന്നാലെ ഓഗസ്റ്റ് 16-ന് അഫ്ഗാൻ വിഷയത്തിൽ യു.എൻ. നടത്തിയ പ്രസ്താവനയിൽ താലിബാൻ എന്ന പരാമർശം ഉണ്ടായിരുന്നു.

താലിബാനോ അഫ്ഗാനിൽനിന്നുള്ള മറ്റേതെങ്കിലും സംഘടനകളോ വ്യക്തികളോ മറ്റേതെങ്കിലും രാജ്യത്തെ ഭീകരവാദികളെ സഹായിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഓഗസ്റ്റ് 16-ൽനിന്ന് 27-ലേക്ക് എത്തുമ്പോൾ യു.എന്നിന്റെ പ്രസ്താവനയിൽനിന്ന് താലിബാൻ എന്ന വാക്ക് അപ്രത്യക്ഷമായതായി കാണാം. രണ്ടു പ്രസ്താവനകളിലെയും വ്യത്യാസത്തെ കുറിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ വരെ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്ന സെയ്ദ് അക്‌ബറുദ്ദീൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. നയതന്ത്രത്തിൽ 14 ദിവസം നീണ്ട കാലയളവാണ്. 'ടി' വാക്ക് പോയിരിക്കുന്നു- അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസ് (ഐ.എസ്‌ഐ.എസ് കെ) വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് സമീപം നടത്തിയ ചാവേർ ആക്രമണത്തിനു പിന്നാലെ വാക്പോരിലേർപ്പെട്ട് താലിബാനും അമേരിക്കയും. ആക്രമണത്തിൽ ഐ.എസിനെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക തിരിച്ചടിക്കുക കൂടി ചെയ്തതാണ് ഇപ്പോൾ താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്.

''ഇക്കഴിഞ്ഞ ആക്രമണം അവസാനത്തേതായിരുന്നില്ല. കാബൂൾ ആക്രമണത്തിന് പിന്നിലുള്ള ഓരോ ആളുകളെയും ഞങ്ങൾ വീഴ്‌ത്തും,'' അഫ്ഗാനിസ്ഥാനിസ്ഥാന്റെ കിഴക്കൻ മേഖലയിലെ ഐ.എസ്‌ഐ.എസ് പ്രദേശങ്ങളിൽ അമേരിക്കൻ പ്രതിരോധ സേന ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ ജോ ബൈഡൻ പറഞ്ഞു.

നൻഗർ പ്രവിശ്യയിൽ ആക്രമണം നടത്തിയെന്നും ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട 2 ഐ.എസ്.കെ.പി ഭീകരരെ വധിച്ചെന്നും അമേരിക്കൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ബിൽ അർബൻ അറിയിച്ചിരുന്നു. എന്നാൽ ഐ.എസ്.കെ.പിക്ക് നേരെ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിലാണ് താലിബാൻ വിമർശിച്ചത്. തങ്ങളുടെ അധീനതയിലുള്ള അഫ്ഗാൻ പ്രദേശങ്ങൾക്ക് നേരെ നടന്ന ആക്രമണമായിരുന്നു അതെന്നാണ് താലിബാൻ ഭാഷ്യം.

അതേസമയം ഐ.എസ്.കെ.പിക്കെതിരെ അമേരിക്ക ഇനിയും പ്രത്യാക്രമണം നടത്തുമെന്ന് വ്യക്തമാക്കിയ ബൈഡൻ കാബൂളിൽ വരും മണിക്കൂറുകളിൽ ഐ.എസ്.കെ.പി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി. ''വരുന്ന 24-36 മണിക്കൂറിനുള്ളിൽ അടുത്ത ഒരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നമ്മുടെ കമാൻഡർമാർ അറിയിച്ചിട്ടുണ്ട്. എല്ലാ രീതിയിലും സുരക്ഷയൊരുക്കാൻ വേണ്ട നിർദ്ദേശങ്ങൾ അവർക്ക് നൽകിയിട്ടുണ്ട്,'' ബൈഡൻ പറഞ്ഞു.

കാബൂളിലെ ചാവേർ ബോംബാക്രമണത്തിൽ 13 അമേരിക്കൻ സൈനികരടക്കം 175 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഐ.എസ്.കെ.പി ഏറ്റെടുക്കുകയും ചെയ്തിരുന്നു. അമേരിക്കൻ സേനയോട് ചേർന്ന് പ്രവർത്തിച്ചവരെയും വിവർത്തകരെയുമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് ഐ.എസ് അറിയിച്ചിരുന്നത്.