ഇടുക്കി: സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ബിജെപിയും സ്വതന്ത്രരും ജയിച്ചത് ഓരോ സീറ്റിൽ മാത്രം. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വടക്കേ ഇഡലിപ്പാറക്കുടിയിലാണ് ബിജെപിയുടെ ജയം. സ്വതന്ത്രൻ ജയിച്ചതാകട്ടെ പാലക്കാട് എരുമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ അരിയക്കോടും.

ഇടമലക്കുടിയിൽ സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തത് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2020ൽ സിപിഎമ്മിന്റെ ഉത്തമ്മാൾ ചിന്നസ്വാമി വിജയിച്ച വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചിന്താമണിക്ക് 39 വോട്ടുകൾ കിട്ടിയപ്പോൾ സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ചന്ദ്രയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.

13 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫ് ആറ്, ബിജെപി നാല്, എൽ.ഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തതോടെ കക്ഷിനില കോൺഗ്രസ് ആറ്, സിപിഎം സിപിഐ ഒന്ന് വീതം, ബിജെപി അഞ്ച് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

എരുമയൂരിൽ സിപിഎം വിമതനാണ് അട്ടിമറി വിജയം നേടിയിരിക്കുന്നത്. സിപിഎം മുൻ അംഗമായ അമീർ 377 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച സീറ്റിൽ പഞ്ചായത്തംഗം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ തവണ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട അമീർ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി മത്സരിച്ചതിനെ തുടർന്ന് അമീറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. സ്ഥിരമായി സിപിഐ മത്സരിക്കുന്ന സീറ്റിൽ ഇത്തവണയും എൽഡിഎഫിൽ സിപിഐ ആണ് മത്സരിച്ചത്.