കൊച്ചി: കേരളത്തിൽ ബിജെപിയുടെ ജനപിന്തുണയെ ഏതു വിധേനയും തകർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ബിജെപി നേതാക്കളെ കൊലപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് നിത്യാനന്ദ റായ് ആരോപിച്ചു.

ആലപ്പുഴയിൽ വെട്ടേറ്റുമരിച്ച ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനാണ് നിത്യാനന്ദ റായ് കേരളത്തിൽ എത്തിയത്. കേരളത്തിലെ ക്രമമസാധാന പാലന നിലയുടെ ദയനീയ സ്ഥിതിയാണ് ഈ കൊലപാതകങ്ങളിലുടെ വ്യക്തമാവുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

''ഏതു വിധേനെയും ബിജെപിയെ തകർക്കുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ബിജെപിയുടെ വർധിച്ചുവരുന്ന ജനപിന്തുണ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബിജെപി നേതാക്കളെ കൊലപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്''- നിത്യാനന്ദ റായ് പറഞ്ഞു. ഏതു കൊലപാതകത്തിലും ശരിയായ അന്വേഷണം നടക്കുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണമെന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.