തിരുവനന്തപുരം: സ്വർണ്ണ കടത്തും ബംഗളൂരുവിലെ മയക്കുമരുന്ന് കേസും പ്രതിസന്ധിയിലാക്കിയ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് വിവാദങ്ങൾ വീണ്ടും. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഐഫോൺ വിവാദത്തിൽ കുടുങ്ങിയതിന് പിന്നാലെ ഭാര്യാസഹോദരൻ ജനറൽ മാനേജരായിട്ടുള്ള കമ്പനിക്ക് തിരുവനന്തപുരം നഗരസഭ ചട്ടം ലംഘിച്ച് രണ്ടേകാൽ കോടിയുടെ കരാർ നൽകി.

വിനോദിനിയുടെ സഹോദരൻ വിനയകുമാർ ജനറൽ മാനേജരായിട്ടുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിനാണ് കരാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ടെൻഡർ വിളിച്ച് കുറഞ്ഞ തുകയ്ക്കാണ് ഇത്തരം കരാറുകൾ നൽകാറുള്ളത്. എന്നാൽ, യുണൈറ്റഡ് ഇലക്ട്രിക്കൽസിന് വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിളിക്കാതെ കരാർ നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നല്കിയിരുന്നു.

ഈ ഉത്തരവിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. കെഎസ്ഇബിക്ക് മീറ്ററുകൾ ഉണ്ടാക്കിക്കൊടുക്കാൻ എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിനുള്ള ഉപകരണങ്ങൾ ഉണ്ട് എന്നല്ലാതെ നിർമ്മിതി ഇവിടെ നടക്കുന്നില്ലെന്നാണ് വിവരം. എബിസി സ്വിച്ചിന്റെ നിർമ്മാണം മാത്രമാണ് നിലവിൽ കൊല്ലത്തുള്ള കമ്പനിയിൽ നടക്കുന്നത്. ഉപകരണങ്ങൾ നിർമ്മിക്കാത്ത ഇവർക്കെങ്ങനെ ഈ ഉത്തരവ് ലഭിച്ചു എന്നത് സംശയാസ്പദമാണ്. മറ്റ് വൻകിട കമ്പനികളുടെ ഉപകരണങ്ങൾ വാങ്ങിയ ശേഷം യുണൈറ്റഡ് ഇലക്ട്രിക്കൽസ് എന്ന സ്റ്റിക്കർ ഒട്ടിച്ചാണ് ഇവർ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

നിലവിൽ ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരി ഉൾപ്പടെയുള്ളവരുടെ അറിവോടെയാണ് ഇത്തരം ഇടപാടുകൾ നടന്നിരുന്നതെന്ന് സൂചനയുണ്ട്. കൊല്ലം ആസ്ഥാനമാക്കിയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽസ് പ്രവർത്തിക്കുന്നത്. മുമ്പ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ തടയാനെത്തിയത് വിനോദും ഭാര്യയും അടക്കമുള്ളവരായിരുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ ചട്ടം ലംഘിച്ച് യുണൈറ്റഡ് ഇലക്ട്രിക്കൽസിന് കരാർ നൽകിയിട്ടുണ്ട്.

മുമ്പ് പിറവം നഗരസഭയിൽ ഇത്തരത്തിൽ കരാർ നൽകിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നിയമപരമായ പരിശോധന നടത്താതെ തിരുവനന്തപുരം നഗരസഭയുടെ കോടികളുടെ കരാർ യൂണൈറ്റഡിന് നൽകിയിരിക്കുന്നത്. മുമ്പും തിരുവനന്തപുരം നഗരസഭയിൽ കോടികളുടെ കരാറുകൾ ഇവർക്ക് നൽകിയിട്ടുണ്ട്. വളരെ രഹസ്യമായിട്ടാണ് നീക്കങ്ങൾ നടക്കുന്നത്. ഉത്തരവുകൾ പുറത്തിറങ്ങിയ ശേഷം മാത്രമാണ് മറ്റുള്ളവർ ഇത് അറിയുക.

അതിർത്തി ഗ്രാമങ്ങളിലുൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പാർട്ടി ബന്ധം ഉപയോഗിച്ച് ഇത്തരത്തിൽ കരാറുകൾ യുണൈറ്റഡ് ഇലക്ട്രിക്കൽസ് സ്വന്തമാക്കിയതായി വിവരങ്ങളുണ്ട്. തിരുവനന്തപുരം മേയറായത് ജൂനിയറായ ആര്യാ രാജേന്ദ്രനാണ്. സിപിഎം നേതൃത്വം നേരിട്ടാണ് കോർപ്പറേഷൻ ഭരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. അതിനിടെയാണ് കോടിയേരിയുടെ ബന്ധുവിനായുള്ള പുതിയ ഉത്തരവും ചർച്ചയാകുന്നത്.