വാഷിങ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് അജ്ഞാത രോഗ ഭീഷണി ഒഴിയുന്നില്ല. വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ക്യൂബ, ചൈന എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കാണ് ഗുരുതരമായി അജ്ഞാതരോഗം കണ്ടെത്തിയത്. അതേസമയം രോഗത്തിന് കാരണം സൂക്ഷ്മതരംഗങ്ങളുടെ 'പ്രയോഗ'മാണെന്ന് റിപ്പോർട്ട്. വർഷങ്ങളായി രാജ്യത്തിന്റെ ആഭ്യന്തര, വിദേശകാര്യവകുപ്പുകളേയും കുഴയ്ക്കുന്ന വിഷയത്തെ കുറിച്ചുള്ള പഠനറിപ്പോർട്ട് നാഷണൽ അക്കാഡമിക്സ് ഓഫ് സയൻസസ്, എൻജിനീയറിങ് ആൻഡ് മെഡിസിൻ ശനിയാഴ്ച സമർപ്പിച്ചു.

2016 ലാണ് ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥർക്ക് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ചൈനയിലേയും മറ്റു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിലും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. തലകറക്കം, തലവേദന, കേൾവിക്കുറവ്, ഓർമശക്തിയിലെ പിഴവ് തുടങ്ങി മാനസികനില തകരാറിലാക്കുന്ന നിരവധി കാരണങ്ങളാൽ പല ഉദ്യോഗസ്ഥരും ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചു. 2016 ൽ തിരിച്ചറിഞ്ഞ ഹവാന സിൻഡ്രോം എന്ന പേരിലറിയപ്പെടുന്ന ഈ രോഗത്തിന്റെ പ്രധാനകാരണം കൃത്യമായ ആവൃത്തിയിൽ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്ത തരംഗങ്ങളാണെന്നാണ് പുതിയ കണ്ടെത്തൽ. ഇതോടൊപ്പം മറ്റു ചില കാരണങ്ങളും ഉണ്ടായേക്കാമെങ്കിലും പ്രാഥമികകാരണം സൂക്ഷ്മതരംഗങ്ങളാണെന്ന് 19 വിദഗ്ധരടങ്ങിയ ഗവേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സമർഥരായ ഉദ്യോഗസ്ഥരിൽ പലരും അജ്ഞാതരോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ തെല്ലൊന്നുമല്ല ബാധിച്ചത്.ഇതോടെയാണ് കാരണം കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയമിച്ചത്.

റഷ്യക്കെതിരെയുള്ള നീക്കങ്ങൾക്കായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന നയതന്ത്രഉദ്യോഗസ്ഥരിൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ റഷ്യൻ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി.വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥർക്ക് നേർക്കുള്ള ഈ 'രഹസ്യാക്രമണ'മെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഹവാന രോഗത്തിന് പിന്നിൽ വൈദ്യുതകാന്തസൂക്ഷ്മതരംഗങ്ങളുടെ തുടർച്ചയല്ലാത്ത പ്രയോഗമാണെന്നാണ് കണ്ടെത്തൽ. റഷ്യയാണ് പിന്നിലെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സൂക്ഷ്മതരംഗങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങൾ റഷ്യ നടത്തിയതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു. ഇതിനുപുറമെ അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയർന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയവലയത്തിനുള്ളിലായി.

ഭാവിയിലും ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും അവയെ അതിജീവിക്കാനായി ഒരുങ്ങണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂബയിലും ചൈനയിലുമുള്ള ഉദ്യോഗസ്ഥരിൽ മാത്രമായി ഹവാന സിൻഡ്രോം ഒതുങ്ങി നിൽക്കുന്നില്ല എന്നുള്ള റിപ്പോർട്ടിലെ സൂചന തങ്ങൾക്കെതിരെയെയുള്ള ഗൂഢാലോചനയുടെ വ്യാപ്തിയെ കുറിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. ഭാവിയിൽ ഇത്തരം ആക്രണങ്ങൾ മുൻകൂട്ടികാണാനും പ്രതിരോധിക്കാനും ആഭ്യന്തരവകുപ്പ് പദ്ധതികൾ തയ്യാറാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.