ലഖ്‌നൗ: സംസ്ഥാനത്ത് ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. എല്ലാ സർക്കാർ വകുപ്പുകളിലും കോർപറേഷനുകളിലും ആറ് മാസത്തേക്ക് പണിമുടക്കിന് നിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ് അവശ്യ സർവീസ് നിയമം (എസ്മ) നടപ്പാക്കി. 2021 മെയ്‌ വരെയാണ് സമരങ്ങൾക്ക് നിരോധനം. ഗവർണർ ആനന്ദി ബെൻ പട്ടേലിൽനിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് സർക്കാർ എസ്മ പ്രഖ്യാപിച്ചത്.

നവംബർ 26ന് 10 ട്രേഡ് യൂണിയനുകൾ നൽകിയ പണിമുടക്കിനെ ചില സംസ്ഥാന സർക്കാർ ജീവനക്കാരുടെ യൂണിയൻ പിന്തുണച്ചതിനെ തുടർന്നാണ് യോഗി സർക്കാരിന്റെ തീരുമാനമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 മെയ് വരെ നിരോധനം തുടരും. എസ്മ നടപ്പിലുള്ള സമയത്ത് പണിമുടക്കിയാൽ തടവോ ആയിരം രൂപ പിഴയോ ശിക്ഷ ലഭിക്കും. പൊലീസിന് വാറന്റില്ലാത അറസ്റ്റ് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. നേരത്തെ ഈ വർഷം മെയിലും യോഗി സർക്കാർ യുപിയിൽ എസ്മ നടപ്പാക്കിയിരുന്നു.

അതിനിടെ ലഖ്‌നൗവിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് കലക്ടർ 144 പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുവാദമില്ലാതെ ചടങ്ങുകളോ ആളുകൾ കൂടുന്ന സംഭവങ്ങൾക്ക് അനുമതി നൽകില്ല.