ലക്നൗ: യുപിയിൽ മുൻ സൈനികന്റെ ദുരൂഹ മരണത്തിലെ ചുരുളഴിഞ്ഞു. മരണം കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ഭാര്യയും കാമുകനുമാണെന്നും പൊലീസ് കണ്ടെത്തി. വാഹനാപകടത്തിൽ മുൻ സൈനികൻ മരിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിൽ ഭാര്യയും കാമുകനും ചേർന്ന് മുൻ സൈനികനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഷാജഹാൻപൂരിൽ മാർച്ച് നാലിനാണ് മുൻ സൈനികൻ മരിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തിൽ മുൻ സൈനികൻ വാഹനാപകടത്തിലാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് സംശയം തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് ഭാര്യയുടെയും കാമുകന്റെ പങ്ക് വ്യക്തമായത്. ധനപാലിന്റെ കൊലപാതകത്തിൽ ഭാര്യ മധുവും കാമുകൻ മുകേഷ് യാദവുമാണ് പിടിയിലായത്.

സംഭവദിവസം മുകേഷിന്റെ കാറിന്റെ അടിയിൽപ്പെട്ട നിലയിലാണ് ധനപാലിനെ കണ്ടത്. മുകേഷിന്റെ കാർ കയറിയിറങ്ങിയാണ് ധനപാൽ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണത്തിന്റെ ചുരുളഴിച്ചത്. ധനപാൽ ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞാണ് നാട്ടിൽ എത്തിയത്.

മധുവിന്റെ നിർദേശപ്രകാരം കാർ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് മുകേഷ് മൊഴി നൽകിയതായി പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഉടൻ തന്നെ സ്ഥലത്ത് നിന്ന് കടന്നുക്കളയാൻ ശ്രമിച്ചുവെങ്കിലും കാർ ചെളിയിൽ പൂണ്ടു. തുടർന്ന് കാറും മൃതദേഹവും ഉപേക്ഷിച്ച് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നു.