ലക്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ എ.ടി.എം കുത്തിത്തുറന്ന് കവർച്ച. മീരുട് റോഡിലെ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ എ.ടി.എമിൽ നിന്നും 8.56 ലക്ഷം രൂപയാണ് സംഘം കവർന്നത്. കവർച്ചക്കാരിൽ ഒരാൾ ചുറ്റുപാടും നിരീക്ഷിക്കുന്നതും മറ്റൊരാൾ എ.ടി.എമ്മിൽ കയറുന്നതിന്റെയും, കവർച്ചക്ക് ശേഷം സംഘത്തെ കൂട്ടാളികൾ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ ആശുപത്രിയിലെ സി.സി ടി.വിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് ഷട്ടർ പൂട്ടി ബാങ്ക് ജീവനക്കാരൻ പോയ ശേഷമെത്തിയ സംഘം പൂട്ട് തകർത്ത് എ.ടി.എമ്മിൽ കയറുകയും കൃത്യം നടത്താൻ രണ്ട് മണിക്കൂറോളം എ.ടി.എമ്മിൽ ചെലവഴിച്ചതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്. ബാങ്ക് ജീവനക്കാരൻ അശോക് ശുക്ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.