സിതാപുർ: പൂജയ്ക്ക് പ്രതിഫലമായി വ്യാജ നോട്ടുകൾ നൽകിയ വീട്ടമ്മ പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിലുള്ള തെർവ മാണിക്പുർ ഗ്രാമത്തിലാണ് സംഭവം. നാൽപ്പത് പുരോഹിതരെ നിയോഗിച്ച് 11 ദിവസംനീണ്ട പൂജ നടത്തിയ വീട്ടമ്മ പുരോഹിതർക്ക് പ്രതിഫലമായി 5.53 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ നൽകി കബളിപ്പിക്കുക ആയിരുന്നു. പുരോഹിതർ നൽകിയ പരാതിയിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

പുരോഹിതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും ജി.ആർ പതക് എന്നയാളുടെ ഭാര്യ ഗീത പതക് എന്ന സ്ത്രീയെ കസ്റ്റഡിയിൽ എടുത്തുവെന്നും ലഖ്നൗ റേഞ്ച് ഐ.ജി ലക്ഷ്മി സിങ് പറഞ്ഞു. യുവതിയെ കസ്റ്റഡിയിൽ എടുത്തതിനുശേഷം നടത്തിയ പരിശോധനയിൽ മനോരഞ്ജൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള നിരവധി വ്യാജ നോട്ടുകൾ അവരുടെ വാഹനത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു.

പുരോഹിതർക്ക് ഒൻപത് ലക്ഷംരൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് 11 ദിവസം നീണ്ട പൂജ നടത്താൻ 39 പുരോഹിതരെ അവർ ക്ഷണിച്ചതെന്ന് പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. പൂജ അവസാനിച്ചതോടെ പുരോഹിതർക്ക് സ്ത്രീ പണമടങ്ങിയ ബാഗ് കൈമാറി. പുരോഹിതർ പിന്നീട് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുടെ മുകൾഭാഗത്ത് മാത്രം യഥാർഥ നോട്ടുകളും ഉൾവശത്ത് വ്യാജ നോട്ടുകളുമാണ് വച്ചിരിക്കുന്നതെന്ന് മനസിലായത്. 5.53 ലക്ഷം രൂപയ്ക്ക് തുല്യമായ വ്യാജ നോട്ടുകളാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.