കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇരുപത് വർഷത്തെ സൈനികവിന്യാസം പിൻവലിച്ച് കാബൂളിലെ വിമാനത്താവളത്തിൽ നിന്നും യു എസ് സൈന്യം പിൻവാങ്ങിയത് ശേഷിച്ച വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കിയ ശേഷമെന്ന് റിപ്പോർട്ട്. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി വിമാനങ്ങളും കവചിത വാഹനങ്ങളും പൂർണമായും ഉപയോഗ ശൂന്യമാക്കിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.

യുഎസ്. വിമാനത്താവളത്തിലെ രണ്ടാഴ്ച നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചതിനു പിന്നാലെയാണ് നടപടി.കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നു 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളർ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. 'ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല.' ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.

 

വിമാനത്താവളത്തെ റോക്കറ്റ് ആക്രമണത്തിൽനിന്നു രക്ഷിക്കാനായി ഒരുക്കിയിരുന്ന സംവിധാനവും യുഎസ് നശിപ്പിച്ചു. തിങ്കളാഴ്ച, കാബൂൾ വിമാനത്താവളത്തിനു നേരെ വന്ന അഞ്ച് റോക്കറ്റുകൾ ഈ സംവിധാനം ഉപയോഗിച്ചാണ് യുഎസ് തകർത്തത്. കാബൂളിൽനിന്ന് അവസാന യുഎസ് വിമാനവും പറന്നുയരുന്നത് വരെ ഇവയെല്ലാം പ്രവർത്തനക്ഷമമായിരുന്നെന്ന് യുഎസ് ഉറപ്പാക്കിയിരുന്നതായി ജനറൽ മക്കെൻസി അറിയിച്ചു.

പ്രാദേശിക സമയം ഓഗസ്റ്റ് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളിൽനിന്ന് യുഎസിന്റെ അവസാന സി17 വിമാനം പറന്നുയർന്നത്. ഓഗസ്റ്റ് 14ന് ആരംഭിച്ച രക്ഷാദൗത്യത്തിലൂടെ 1,22,000 പേരെയാണ് യുഎസ് അഫ്ഗാനിൽനിന്ന് പുറത്തെത്തിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂർണ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. രാജ്യത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചെന്നായിരുന്നു യുഎസിന്റെ പിന്മാറ്റത്തിനു പിന്നാലെ താലിബാൻ നേതാക്കളുടെ പ്രതികരണം.

അഫ്ഗാൻ മണ്ണിൽ നിന്നുള്ള അവസാന അമേരിക്കൻ യുദ്ധ വിമാനത്തിന്റെ മടങ്ങിപ്പോക്ക് വെടിയുതിർത്തുകൊണ്ടാണ് താലിബാൻ ഭരണകൂടം ആഘോഷിച്ചത്. രണ്ട് പതിറ്റാണ്ടു നീണ്ട അധിനിവേശത്തിനിടയിൽ ദശലക്ഷക്കണക്കിന് ഡോളർ അഫ്ഗാനിസ്ഥാന്റെ പുനരുജ്ജീവനത്തിനായി ചിലവഴിച്ചെങ്കിലും, അതിന് യാതൊരു ഫലപ്രാപ്തിയും ലഭിക്കാതെയാണ് അമേരിക്കയുടെ മടക്കം.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 2500-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐസിസ് ചാവേറാക്രമണം നടത്തിയിരുന്നു.ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് 1,23,000 പേരെ രക്ഷപ്പെടുത്താനായെന്ന് അമേരിക്ക അവകാശവാദം ഉന്നയിച്ചു. ഇതിൽ 4400 പേർ അമേരിക്കൻ പൗരന്മാരാണെന്നും അവർ പറയുന്നു. ജൂലായിലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുന്നത്.യുഎസ് സേനാ പിന്മാറ്റത്തിന് ശേഷവും അഫ്ഗാനിൽ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി.