ഹൂസ്റ്റൺ: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫ്ളോറിഡ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഴ്സായി ജോലി ചെയ്യുന്ന നിവിയാനേ പെറ്റിറ്റ ഫെൽപ്സാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായത്.

ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 18 വരെയുള്ള തിയതികളിലായി നിവിയാനേ ചെയ്ത വീഡിയോകളിലാണ് കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിവിയാനേ ജയിലിലുള്ള ഭർത്താവിന് അയച്ച വീഡിയോകളാണ് ഇത്തരമൊരു ഭീഷണിയുള്ളത്. ഇത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു. തടവിൽ കഴിയുന്നവർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സർക്കാർ ഒരുക്കിയിരിക്കുന്ന ജെപേ എന്ന സംവിധാനത്തിലൂടെയാണ് ഈ വീഡിയോകൾ അയച്ചത്.

പ്രസിഡന്റ് ജോ ബൈഡനെയും കമല ഹാരിസിനെയും താൻ വെറുക്കുന്നുവെന്ന് ഏറെ ദേഷ്യത്തിൽ നിവിയാനേ ഇതിൽ പറയുന്നുണ്ട്. കമല ഹാരിസിനെ കൊല്ലുമെന്ന് ഇവർ പല വീഡിയോകളിലും ആവർത്തിക്കുന്നുമുണ്ട്. 'കമല ഹാരിസ്, നീ മരിക്കാൻ പോകുകയാണ്. നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു,' നിവിയാനേ ഒരു വീഡിയോയിൽ പറയുന്നു. താൻ തോക്ക് വാങ്ങാൻ പോകുകയാണെന്നും ഇന്നേക്ക് അൻപതാം ദിവസം കമല ഹാരിസ് കൊല്ലപ്പെടുമെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.

കമല ഹാരിസ് യഥാർത്ഥത്തിൽ കറുത്ത വർഗക്കാരിയല്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ അവർ ബെബിളിനോട് അനാദരവ് കാണിച്ചെന്നും നിവിയാനേ പറയുന്നു. വീഡിയോകളെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് മൂന്നിന് മൊഴിയെടുക്കാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും നിവിയാനേ സംസാരിക്കാൻ തയ്യാറായിരുന്നില്ല.

മാർച്ച് ആറിന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ എത്തിയപ്പോൾ നിവിയാനേ സംസാരിക്കാൻ തയ്യാറായെന്നാണ് റിപ്പോർട്ടിൽ പറുയുന്നത്. കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നത് ഇഷ്ടമല്ലായിരുന്നെന്നും എന്നാൽ ഇപ്പോൾ അതെല്ലാം മാറിയെന്നുമാണ് നിവിയാനേ പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇവർ തോക്കിനായി അപേക്ഷ നൽതിയതിന്റെയും ഭീഷണി മുഴക്കിയത് പോലെ തന്നെ ഷൂട്ടിങ് റേഞ്ചിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ ലഭിച്ചതിന്റെയും പശ്ചാത്തലത്തിലാണ് അറസ്റ്റ് നടത്തിയതെന്നാണ് വിവരങ്ങൾ. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായ കമല ഹാരിസ് ആ സ്ഥാനത്ത് എത്തുന്ന ആദ്യ കറുത്ത വംശജയാണ്. വൈസ് പ്രസിഡന്റാകുന്ന ആദ്യ ഏഷ്യൻ വംശജയും കമല ഹാരിസാണ്.