കൊച്ചി: വൈകി എത്തുന്നത് സ്ഥിരമാക്കിയ എഎസ്ഐയ്ക്ക് സിഐ മെമോ നൽകിയതിനെ തുടർന്നുണ്ടായ മനോ വിഷമത്തിൽ നാടുവിട്ട എഎസ്ഐ തിരികെയെത്തി. ഹാർബർ സ്റ്റേഷനിലെ എഎസ്ഐ ഉത്തംകുമാറാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ തിരികെയെത്തിയത്.

ഉത്തംകുമാറിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു. വൈകി എത്തിയതിന് സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിൻെ ആരോപണം. എന്നാൽ ഈ ആരോപണം പൊലീസ് തള്ളിയിരുന്നു.

ഉത്തംകുമാർ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്. ഇതറിഞ്ഞ പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സിഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങിയെത്തിയ ഇയാൾക്ക് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് പൊലീസ് നൽകി.

വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നാണ് ഭാര്യ ദീപ പറഞ്ഞിരുന്നത്. ദീപയുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മാനസികമായി പീഡിപ്പിച്ചില്ലെന്നും വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ നേരത്തെ പറഞ്ഞിരുന്നു.

പള്ളുരുത്തിയിലെ വീട്ടിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരമുള്ള ഹാർബർ സ്റ്റേഷനിലേക്ക് ഉത്തകുമാർ സ്ഥിരമായി വൈകിയാണ് എത്തിയിരുന്നത്. ആദ്യമൊക്കെ താക്കീത് നൽകിയെങ്കിലും പിന്നീട് ഇതു തുടർന്നതോടെ രണ്ടു വട്ടം മെമോ കൊടുത്തു. വീണ്ടും വൈകിയെത്തിയതോടെ സിഐ ഹാജർ ബുക്കിൽ ആബ്സെന്റ് രേഖപ്പെടുത്തുകയും മട്ടാഞ്ചേരി എ.സി.പിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.

ഇതോടെയാണ് ഉത്തംകുമാർ നാടുവിട്ടത്. സിഐ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ഭാര്യ രംഗത്ത് വന്നതോടെ പ്രശ്നം ഗുരുതരമായി. എന്നാൽ അനാവശ്യമായി ആരെയും ദ്രോഹിക്കാത്ത മികച്ച ഓഫീസറായ സിഐയ്ക്ക് എല്ലാവിധ പിൻതുണയും സഹപ്രവർത്തകർ നൽകുകയായിരുന്നു. ഉത്തംകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.