കൊല്ലം: അഞ്ചൽ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരേ നിർണായക വെളിപ്പെടുത്തൽ. കേസിൽ മാപ്പു സാക്ഷിയായ പാമ്പു പിടുത്തക്കാരൻ സുരേഷ് കുമാറാണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാൻ വയ്യെന്നും അതുകൊണ്ട് 'അത് ചെയ്തെന്നും' സൂരജ് പറഞ്ഞതായി സുരേഷ് വിചാരണവേളയിൽ കോടതിയിൽ മൊഴിനൽകി. കേസിൽ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ് സുരേഷ്. ഇന്നലെ കൊല്ലം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി എം മനോജ് മുമ്പാകെയാണ് നിർണായക വെളിപ്പെടുത്തൽ.

മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപമെന്നു ചോദിച്ചപ്പോൾ സംഭവം ആരോടും പറയരുതെന്നും ഇതൊരു സർപ്പദോഷമായി തീരുമെന്നും ഇല്ലെങ്കിൽ ചേട്ടനും കൊലക്കേസിൽ പ്രതിയാകുമെന്നും പറഞ്ഞു. വിവരം പൊലീസിൽ അറിയിക്കണമെന്ന് മകൾ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയിൽ കഴിഞ്ഞില്ല. സഹതടവുകാർ പറഞ്ഞതിനാലാണ് ഇപ്പോൾ സത്യം ബോധിപ്പിക്കുന്നത്. ഉത്രയുടെ മരണശേഷം സൂരജ് തന്നെ വിളിച്ചതായി സുരേഷ് മൊഴിനൽകി.

ഉത്രയെ കൊല്ലുകയെന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താൻ പാമ്പിനെ വിറ്റതെന്ന മൊഴിയാണ് കോടതിയിൽ സുരേഷ് നൽകിയത്. ഉത്രയ്ക്ക് പാമ്പു കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും സുരേഷ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് പാമ്പിനെ വിൽപന നടത്തിയതെന്നും സുരേഷ് കോടതിയിൽ പറഞ്ഞു. ഉത്ര കൊല്ലപ്പെട്ട് ആറ് മാസം പിന്നിടവെയാണ് ഇന്നലെ കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതി സൂരജിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരി സൂര്യയും വിചാരണ കേൾക്കാനായി കോടതിയിലെത്തി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ ഹാജരായിരുന്നു. പാമ്പു പിടിത്തക്കാരൻ സുരേഷിന്റെ െകെയിൽനിന്നു വാങ്ങിയ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സൂരജിനു പാമ്പിനെ വിലയ്ക്കു നൽകിയ ചാവരുകാവ് സുരേഷിന്റെ വിചാരണ പൂർത്തിയായ ശേഷമേ മറ്റു സാക്ഷികൾക്ക് സമൻസയയ്ക്കൂ. കേസിൽ 217 സാക്ഷികളുണ്ട്.

മുമ്പ് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താനും സൂരജ് ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്നുള്ള ചികിത്സയുടെ ഭാഗമായി അഞ്ചലിലെ കുടുംബ വീട്ടിൽ കഴിയുമ്പോഴാണു വീണ്ടും പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ ഉൾപ്പടെയുള്ള നടപടികൾ വീഡിയോ കോൺഫറൻസിലൂടെയാണ് നടത്തിയത്.