ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിടുമെന്ന് എബിപി സർവെ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പിന്തള്ളി കോൺഗ്രസ് അടുത്ത തവണ അധികാരം തിരിച്ചുപിടിക്കുമെന്നാണ് സർവെ പറയുന്നത്.

അടുത്ത വർഷം ആദ്യമാണ് ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക. 70 അംഗ സഭയിൽ കോൺഗ്രസിന് 35 സീറ്റും ബിജെപിക്ക് 27 സീറ്റും കിട്ടിയേക്കാമെന്നാണ് പ്രവചനം.

ബിജെപിയിലെ ഉൾപ്പാർട്ടി പോരിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി തിരാത് സിങ്ങ് റാവത്തിനെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയാക്കിയത്. നിലവിൽ 57 സീറ്റാണ് ബിജെപിക്കുള്ളത്. കോൺഗ്രസിന് 11 സീറ്റുമാണ് ഉള്ളത്.

അടുത്ത തിരഞ്ഞെടുപ്പിൽ 8.2 ശതമാനത്തിന്റെ വോട്ട് ചോർച്ച സംഭവിക്കുമെന്നും ബിജെപിയുടെ വോട്ടുവിഹിതം 38.3 ലേക്ക് ചുരുങ്ങുമെന്നും സർവേയിൽ പറയുന്നു. അതേ സമയം കോൺഗ്രസിന്റെ വോട്ടുവിഹിതം 33.5 ശതമാനത്തിൽ നിന്ന് 7.3 ശതമാനം വർധിച്ച് 40.8 ശതമാനമാകുമെന്നുമാണ് സർവെയിലെ വിലയിരുത്തൽ.

കന്നി അങ്കത്തിനിറങ്ങുന്ന എഎപിക്ക് 9.2 ശതമാനം വോട്ട് ലഭിച്ചേക്കാമെന്നും സർവെ പറയുന്നു. അഞ്ച് സീറ്റ് എഎപിക്ക് പറയുമ്പോൾ ബിഎസ്‌പിക്ക് മൂന്നു സീറ്റ് വരെ ലഭിച്ചേക്കും.