ലഖ്‌നൗ: കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ ലഖിംപുർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സംഘത്തിനും ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രദേശത്ത് 144 ഉം പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് സന്ദർശനത്തിന് അനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ആൾക്കൂട്ടത്തിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിക്കും സംഘത്തിനും യുപി സർക്കാർ അനുമതി നിഷേധിച്ചത്.

വരാനിരിക്കുന്ന ഉത്സവങ്ങൾ, വിവിധ പ്രവേശന പരീക്ഷകൾ, കർഷക പ്രതിഷേധങ്ങൾ എന്നിവ കണക്കിലെടുത്ത് ക്രമസമാധാനം നിലനിർത്താനും കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായാണ് നവംബർ എട്ടു വരെ സിആർപിസി സെക്ഷൻ 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ലഖ്നൗ പൊലീസ് അറിയിച്ചു.

ഇതിനിടെ, കസ്റ്റഡിയിലെടുത്ത് 38 മണിക്കൂറിനുശേഷവും തന്നെ എന്തിനാണ് തടങ്കലിൽ വെച്ചതെന്ന് പൊലീസ് അറിയിച്ചില്ലെന്നും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയില്ലെന്നും പ്രിയങ്കാ ഗാന്ധി പ്രസ്താവനയിൽ ആരോപിച്ചു. വാഹനം ഇടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയ മന്ത്രിപുത്രനെ കസ്റ്റഡിയിലെടുക്കാതെ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിനെ ചോദ്യംചെയ്ത് കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്ന് ലഖ്‌നൗ എയർപോർട്ടിൽ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാദൽ പ്രതിഷേധമുയർത്തിയിരുന്നു.

പ്രിയങ്ക അറസ്റ്റിലായതിനെത്തുടർന്ന് സീതാപുരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറി. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും യു.പി. സർക്കാർ നടപടിയെ അപലപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച ലഖിംപുർ ഖേരിയിലേക്ക് പോയതിനാലാണ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ജില്ലാ മജിസ്‌ട്രേട്ട് വിശാൽ ഭരദ്വാജ് പറഞ്ഞു.

പ്രിയങ്ക ഭയരഹിതയും യഥാർഥ കോൺഗ്രസുകാരിയും ആണെന്നും പരാജയം സ്വീകരിക്കില്ലെന്നും സത്യാഗ്രഹം വിജയിക്കുകതന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.