മലപ്പുറം: ഇടതുസ്വതന്ത്രനായി മത്സരിച്ച വി.അബ്ദുറിമാൻ ഇനി ഇടത് സർക്കാറിലെ മന്ത്രി. മലപ്പുറത്തെ ലീഗ് കോട്ട ഇളിക്കിയ ശേഷം ഇത്തവണ വീണ്ടും ചരിത്ര വിജയം ആവർത്തിച്ച വി അബ്ദുറഹ്മാനെ തേടിയാണ് ഇത്തവണ മറ്റൊരു നിർണായക നിയോഗം കൂടി ലഭിക്കുന്നത്. മലപ്പുറത്തിന്റെ പ്രതിനിധിയായി അദ്ദേഹം രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തുന്നു. 2016 ലീഗ് കോട്ട പിടിക്കാൻ നിയോഗിക്കപ്പെട്ട വി അബ്ദുറഹ്മാൻ താനൂരിൽ നേടിയത് ഐതിഹാസിക വിജയമായിരുന്നു.

പിന്നീട് കേരളം കാണുന്നത് താനൂരിന്റെ തലവര മാറ്റിക്കുറിച്ച വികസന മുന്നേറ്റമാണ്. 1000 കോടിക്ക് മുകളിൽ വികസന പദ്ധതികൾ. കേരളം മുഴുവൻ ശ്രദ്ധിച്ച താനൂർ വികസന മാതൃക. ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും മികച്ച പോരാട്ടത്തിനൊടുവിൽ പികെ ഫിറോസിനെതിരെ മിന്നുന്ന വിജയം. 2014 ൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറിനെതിരെ ഇടതു സ്വതന്ത്രനായി മത്സരിച്ച് ലീഗ് കോട്ട ഇളക്കിയാണ് ഇടതു രാഷ്ട്രിയത്തിലേക്ക് വി അബ്ദുറഹ്മാന്റെ കടന്നു വരവ്.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രിയത്തിൽ ചുവടു വയ്ക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെഎസ് യു സ്‌ക്കൂൾ ഭാരവാഹിയായി തുടക്കം. പിന്നീട് കോൺഗ്രസ് രാഷ്ട്രിയത്തിൽ സജീവമായി. വിവിധ ചുമതലകൾ വഹിച്ചു. കെപിസിസി സംസ്ഥാന സെക്രട്ടറി പദവിയിൽ വരെ എത്തി.

തിരൂർ മുൻസിപ്പൽ കൗൺസിലറായാണ് പാർലമെന്ററി രാഷ്ട്രിയത്തിലേക്ക് കടക്കുന്നത്. തുടർന്ന് മുൻസിപ്പൽ സ്ഥിരം സമിതി അധ്യക്ഷനായി, വൈസ് ചെയർമാനായി തിരൂരിൽ നടപ്പാക്കിയ നിരവധി നൂതന പദ്ധതികൾ സംസ്ഥാനമാകെ ശ്രദ്ധ പിടിച്ചു പറ്റി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, ഹജ്ജ് കമ്മിറ്റിയംഗം, ആക്ട് തിരൂർ സാംസ്‌കാരിക സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

വികസനാസൂത്രണത്തിലും, നിർവഹണത്തിലും പുലർത്തിയ വൈദഗ്ധ്യമാണ് അദ്ദേഹത്തെ മന്ത്രിപദവിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെതുമരാമത്ത്, ഗതാഗതം പ്രവാസികാര്യം എന്നീ സബ്ജക്റ്റ് കമ്മിറ്റികളിലും വി അബ്ദുറഹ്മാൻ അംഗമായിരുന്നു.
വെള്ളെക്കാട്ട് വീട്ടിൽ മുഹമ്മദ് ഹംസയുടെയും കദീജയുടെയും മകനായി 1962 ൽ ജനനം. ഭാര്യ:ഷാജിത റഹ്മാൻ. മക്കൾ: അഹമ്മദ് അമൻ സഞ്ജീത്ത്, റിസ്വാന ഷെറിൻ, നിഹാല നവൽ എന്നിവർ, മരുമകൻ മിഷാദ് അഷ്‌റഫ്.