തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വിവാദമായ സാഹചര്യത്തിൽ കരുതലോടെ പ്രതികരിക്കുകയാണ് മുസ്ലിം സമുദായ സംഘടനകൾ. മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിക്കെതിരെ ലീഗ് രംഗത്തുവരുമ്പോഴും തൽക്കാലം വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ് സമുദായ സംഘടനകൾ. അതേസമയം ഈ വിഷയത്തിൽ ആരോപണങ്ങൾ തള്ളി മന്ത്രി വി അബ്ദുറഹിമാനും രംഗത്തുവന്നു.

ന്യൂനപക്ഷ ക്ഷേമവകുപ്പ് തന്നെ ഏൽപ്പിച്ച ശേഷം തിരിച്ചെടുത്തതാണെന്ന ആരോപണമാണ് അബ്ദുറഹിമാൻ തള്ളിയത്്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കാനാകുക മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അബ്ദുറഹിമാൻ പറഞ്ഞു. വകുപ്പ് നൽകിയ ശേഷം തിരിച്ചെടുത്തു എന്ന് പറയുന്നവർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത മതന്യൂനപക്ഷങ്ങൾക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും. അക്കാര്യത്തിൽ എന്നെപ്പോലുള്ളവർക്ക് ഒരു സംശയവുമില്ല. അതിൽ സംശയമുള്ളവർ രാഷ്ട്രീയലാഭത്തിനായാണ് ശ്രമിക്കുന്നതെന്നേ എനിക്ക് ഇക്കാര്യത്തിൽ പറയാനുള്ളു.

എല്ലാവരും മനസ്സിലാക്കേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. അത് ഈ നാട്ടിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക്, ഏറ്റവും നല്ല കാര്യമാകുമെന്നും വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടയാളാണ് ഞാൻ,' അബ്ദുറഹിമാൻ പറഞ്ഞു.ട

അതേസമയം മുഖ്യമന്ത്രി സാമൂഹികനീതി നടപ്പാക്കുമെന്ന് കരുതുന്നതായി ഇകെ സുന്നി മുഖപത്രം വ്യക്തമാക്കിയത്. തൽക്കാലം പ്രതികരണത്തിനില്ലെന്ന് മുജാഹിദ,് ജമാഅത്തെ ഇസ്ലാമി നേതൃത്വവും വ്യക്തമാക്കി. സർക്കാറിന്റെ തുടക്കത്തിൽ തന്നെ അവരെ വിവാദത്തിലേക്ക് തള്ളിവിടേണ്ടെന്ന നിലപാടിലാണ് മുസ്ലിം സംഘടനകൾ. അതുകൊണ്ട് തന്നെ കരുതലോടെയാണ് പ്രതികരണങ്ങളും.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നാലെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈ തെരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് വിജയിച്ച സിപിഐ.എം സ്വതന്ത്രൻ വി. അബ്ദുറഹിമാന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുമെന്നായിരുന്നു കരുതിയിരുന്നത്. മെയ് 20 ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ദിവസമിറങ്ങിയ സിപിഐ.എം മുഖപത്രമായ ദേശാഭിമാനിയിലുംഅബ്ദുറഹിമാന് ന്യൂനപക്ഷ-പ്രവാസിക്ഷേമ വകുപ്പുകൾ നൽകാൻ ധാരണയായെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

എയർ ഇന്ത്യയിൽ സൈബർ ആക്രമണം; പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു
എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്. ന്യൂനപക്ഷ വകുപ്പ് സമുദായക്കാരിൽ നിന്ന് മാറ്റിയത് ഇൻസൾട്ടാണെന്നാണ് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

'ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു കൊടുത്തില്ല എന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുത്തു എന്നതാണ്. തിരിച്ചെടുക്കാനുള്ള കാരണം ബന്ധപ്പെട്ട ഒരു സമുദായം കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്നതുകൊണ്ടാണെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ ക്രൈസ്തവ സഭകളുടെ സമ്മർദ്ദമാണെന്നും കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. നേരത്തെ കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് എല്ലാക്കാലത്തും ലീഗും മുസ്ലിം മന്ത്രിമാരുമാണ് ഏറ്റെടുത്ത് നടത്തുന്നതെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാറില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനടക്കമുള്ളവർ പ്രചരണം നടത്തിയിരുന്നത്.

ഈ പ്രചരണം കത്തോലിക്ക സഭ അടക്കമുള്ള വിവിധ ക്രൈസ്തവ സഭകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ദീപിക ദിനപത്രത്തിൽ ഈ ആരോപണങ്ങൾ ഉന്നയിച്ച് മുഖപ്രസംഗവും വന്നിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പതിവായി ലീഗിനാണെന്നും അതുവഴി ന്യൂനപക്ഷ ആനൂകൂല്യങ്ങൾ അടക്കമുള്ളവ ഒരു പ്രത്യേക മതവിഭാഗം മാത്രം കൈവശപ്പെടുത്തുന്നു എന്നുമായിരുന്നു ചങ്ങനാശ്ശേരി അതിരൂപതയടക്കം പലപ്പോഴായി ഉന്നയിച്ചത്. ഇതിന്റെ പേരിലാണ് സഭ യു.ഡി.എഫിനോട് അകന്നതും.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെ.ടി ജലീലിന് നൽകിയതിലും സീറോ മലബാർ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഏതു സർക്കാർ വന്നാലും ന്യൂനപക്ഷ ക്ഷേമം ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി തീറെഴുതി കൊടുക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇപ്പോൾ മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ.സി.ബി.സിയുടെ പ്രതികരണം. മറ്റ് സഭകളും പരോക്ഷമായി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

എന്നാൽ ഏതെങ്കിലും വിഭാഗത്തിന്റെ സമ്മർദ്ദം കൊണ്ടല്ല വകുപ്പ് താൻ ഏറ്റെടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം വിഭാഗത്തിന് തന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിൽ ഉള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത് മുസ്ലിം ലീഗ് എതിർത്തിരുന്നല്ലോ എന്ന ചോദ്യത്തിന് മുസ്ലിം ലീഗല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ പിന്തുണച്ചുകൊണ്ട് മുസ്ലിം സമുദായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വകുപ്പ് ക്രൈസ്തവ വിഭാഗക്കാരായ ഏതെങ്കിലും മന്ത്രിക്ക് നൽകിയാലും തങ്ങൾക്ക് പരാതിയില്ലെന്നാണ് എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അൽ ബുഖാരി പ്രതികരിച്ചത്.

'മുഖ്യമന്ത്രി കൈകാര്യം ചെയ്താലും ക്രിസ്തീയനായ മന്ത്രി കൈകാര്യം ചെയ്താലും ഈ വകുപ്പിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കൃത്യമായി പരിശോധിച്ച് അനീതി ഉണ്ടായിട്ടുണ്ടോ ഇല്ലേ എന്ന് വസ്തുനിഷ്ഠമായി പൊതുജന സമക്ഷം അവതരിപ്പിക്കണം' എന്നും ഷൗക്കത്ത് നഈമി അൽ ബുഖാരി ആവശ്യപ്പെട്ടു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. ചില വിഭാഗങ്ങളെ പ്രത്യേക വകുപ്പുകളിലേക്ക് ചുരുക്കുന്ന സ്ഥിരം കാഴ്ചകൾക്ക് പകരം അവർക്ക് പൊതു വകുപ്പുകൾ നൽകി, ആ അർത്ഥത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് നല്ല കാര്യമാണെന്നാണ് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

'മന്ത്രിസഭാ രൂപീകരണത്തിൽ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന ഒരു പ്രവണത കാലങ്ങളായി കണ്ടുവരാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ചില നീക്കങ്ങൾക്ക് ഈ സർക്കാർ തയ്യാറാവുകയും വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, പൊതു എന്നു കരുതപ്പെടുന്ന പോർട്ട് ഫോളിയോകൾ കൊടുത്തു എന്നതും നല്ല കാര്യമാണ്. ഈ അർഥത്തിൽ കൂടിയാണ്, പുതിയ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യാൻ എടുത്ത തീരുമാനത്തെ കാണുന്നത്,' അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാനും, അവയെ അടിസ്ഥാനമാക്കി ശക്തിപ്പെടാൻ ശ്രമിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനും ഇത് സഹായിക്കുമെങ്കിൽ, അതിന്റെ വലിയ ഗുണഭോക്താക്കൾ കേരളത്തിലെ മുസ്ലിങ്ങൾ ആയിരിക്കും എന്നതിൽ സംശയമില്ല. മാത്രവുമല്ല, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തീർക്കാനും വിശദീകരികരണങ്ങൾ നൽകാനും വേണ്ടി മുസ്ലിം സമുദായം കാലങ്ങളോളമായി ചെലവിട്ടു പോരുന്ന വലിയ സമയവും ഊർജ്ജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.