കോഴിക്കോട്: കോൺഗ്രസിലെ ഡിസിസി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം പുകയുമ്പോൾ കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിസിസി അധ്യക്ഷന്മാുടെ നിയമനത്തിൽ ആർക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും രാഹുൽ ഗാന്ധിയുമായി പുനഃസംഘടനയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തെന്നും വിഡി സതീശൻ വ്യക്തമാക്കി. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും വിഡി സതീശൻ പറഞ്ഞു.

'കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള കൂടിയാലോചനകൾ നടന്നിട്ടുണ്ട്. ജനപ്രതിനിധികളുമായും മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ചു. ഓഗസ്റ്റ് 15 ന് മുമ്പ് പട്ടിക കൊടുക്കണമെന്നത് നേരത്തെ തീരുമാനം എടുത്തിരുന്നു. ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ അത് ഗൗരവത്തോടെ പരിഗണിക്കും.' എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

അതേസമയം ഡിസിസി അദ്ധ്യക്ഷ നിയമനത്തിലെ തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കമാന്റ്. മുതിർന്ന നേതാക്കളെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കേരളത്തിലെ പ്രശ്നങ്ങൾ തീർക്കാൻ സോണിയ ഗാന്ധി ഇടപെടുമെന്നാണ് സൂചന. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന ഗ്രൂപ്പുകളുടെ പ്രഖ്യാപനമാണ് ഹൈക്കമാന്റിനെ ആശങ്കപ്പെടുത്തുന്നത്.

പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന കോൺഗ്രസിന്റെ രക്ഷകരായിരുന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ സോണിയാഗാന്ധി നേരിട്ട് ഇടപെടും എന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രതിഷേധം അറിയിച്ചിരുന്നു. വി എം സുധീരൻ, കെ മുരളീധരൻ എന്നിവരുടെ പ്രതികരണങ്ങളും ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം കൂടിയാലോചനകൾ ഇല്ലാതെ സുധാകരൻ ഏകപക്ഷീയമായി സമർപ്പിച്ച പട്ടിക പ്രഖ്യാപിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിന് നൽകിയിട്ടുണ്ട്. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് പട്ടിക തയ്യാറാക്കിയത്. ഗ്രൂപ്പുകൾ വേണ്ടെന്ന ആഹ്വാനം ചെയ്തു പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷനും എന്ന ആരോപണങ്ങളും മുതിർന്ന നേതാക്കൾ ഉയർത്തുന്നുണ്ട്. ഇടഞ്ഞുനിൽക്കുന്ന നേതാക്കളും പ്രവർത്തകരും ഹൈക്കമാൻഡിന്റെ തീരുമാനത്തിനായാണ് കാത്തിരിക്കുന്നത്.

അതിനിടയിൽ എ, ഐ ഗ്രൂപ്പുകളുടെ അണിയറ നീക്കങ്ങളും സജീവമാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് സംസ്ഥാനത്ത് എത്തുന്ന രാഹുൽഗാന്ധിയുമായി വിഡി സതീശനും കെ സുധാകരനും ആശയവിനിമയം നടത്തിയേക്കും. നിലവിലെ സ്ഥിതിഗതികൾ രാഹുലിനെ ധരിപ്പിച്ച് പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് അഭ്യർത്ഥിക്കാനും സാധ്യതയുണ്ട്. തർക്കങ്ങൾ തീർത്തു എത്രയും പെട്ടെന്ന് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കണമെന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്.