തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന പരാതികളിൽ മറുപടി ഇല്ലാത്തതു കൊണ്ട് വർഗീയത പറയുകയാണ് മുഖ്യമന്ത്രിയെന്ന് സതീശൻ കുറ്റപ്പെടുത്തി. ഡി.പി.ആർ പോലും കാണാതെയാണ് പ്രതിപക്ഷം സിൽവർ ലൈനിനെ എതിർക്കുന്നതെന്ന സിപിഎം വാദം ശരിയാണ്. ഡി.പി.ആർ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നതാണ് ഞങ്ങളുടെ ചോദ്യം. ഡി.പി.ആർ പുറത്തുവിടുകയോ സർവെ നടത്തുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്യാതെ എന്തിനാണ് സ്ഥലം ഏറ്റെടുക്കാൻ ഇത്ര ധൃതി കാട്ടുന്നത്? പ്രോജക്ട് പോലും തയാറാക്കുന്നതിന് മുൻപ് വിദേശ കമ്പനികളുമായി സംസാരിക്കാൻ ഉദ്യോഗസ്ഥരെ ആരാണ് ചുമതലപ്പെടുത്തിയത്? ആരെയാണ് ചുമതലപ്പെടുത്തിയത്. - സതീശന് ചോദിച്ചു.

സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡി.പി.ആർ കണ്ടിട്ടില്ല. ആ നിസഹായാവസ്ഥയാണ് അദ്ദേഹം പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രകടിപ്പിച്ചത്. ഇതു തന്നെയാണ് പ്രതിപക്ഷവും ചോദിക്കുന്നത്. പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രിയോ പാർട്ടിയോ ഇതുവരെ തയാറായിട്ടില്ല. അതിനു പകരം വർഗീയത കൊണ്ടുവരികയാണ്. കച്ചവടം നടത്താനാണ് ഭൂമി ഏറ്റെടുക്കുന്നത്. കോടികൾ കൊള്ളയടിക്കുന്ന എല്ലാ അഴിമതികളിലുമെന്ന പോലെ സിൽവർ ലൈനിലും സർക്കാർ അനാവശ്യ ധൃതി കാട്ടുകയാണ്.

ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല. ധാർഷ്ട്യം കൊണ്ടും അഹങ്കാരം കൊണ്ടും പദ്ധതിയുമായി മുന്നോട്ടു പോയാൽ അതിനെ ജനാധിപത്യപരമായ രീതിയിൽ യു.ഡി.എഫ് ചെറുത്ത് തോൽപ്പിക്കും. കാർക്കശ്യം നിറഞ്ഞ നിലപാടാണ് യു.ഡി.എഫിന്റേത്. സർക്കാരിന്റെ വാശിയെ ചെറുക്കാനുള്ള ശക്തി കേരളത്തിലെ യു.ഡി.എഫിനുണ്ടെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും.

ഹൈ സ്പീഡ് റെയിൽ അശാസ്ത്രീയമാണെന്നു കണ്ട് യു.ഡി.എഫ് സർക്കാർ വേണ്ടെന്നു വച്ചിരുന്നു. അതിനു ബദലായി നിലവിലുള്ള റെയിൽവെ ലൈനുമായി ചേർന്ന് വളവുകൾ നികത്തിയുള്ള ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നച്ചു. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ ഇതിനു 2000 കോടി രൂപ മാത്രമെ ചെലവ് വരൂ. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സർക്കാർ മാറിയത്. അല്ലാതെ യു.ഡി.എഫ് ഹൈ സ്പീഡ് കൊണ്ടുവരാൻ ശ്രമിക്കുകയും ഇപ്പോൾ എതിർക്കുകയും ചെയ്യുകയാണെന്നു പറയുന്നത് തെറ്റാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും കോർപറേറ്റ് ആഭിമുഖ്യമാണ്. ഇതൊരു തീവ്ര വലതുപക്ഷ സർക്കാരാണ്.

പൊലീസ് വഴിവിട്ട് സഞ്ചരിക്കുകയാണ്. എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവമാണെന്നാണ് സർക്കാർ പറയുന്നത്. കേരളത്തിൽ എല്ലായിടത്തും ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. മുകളിലുള്ള ഉദ്യോഗസ്ഥർ പറയുന്നത് താഴെയുള്ളവർ കേൾക്കുന്നില്ല. പൊലീസിന് ഒരു സേനയുടെ സ്വഭാവം നഷ്ടമായി. ജില്ലാ പൊലീസ് സൂപ്രണ്ടുമാരെ നിയന്ത്രിക്കുന്നത് പാർട്ടി നേതാക്കളാണ്. എല്ലാ തെറ്റായ നടപടികളിലും പാർട്ടി ഇടപെടുകയാണ്. പാർട്ടി പറയുന്നവരെയാണ് പൊലീസിലെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നത്. ആരും പറഞ്ഞാൽ കേൾക്കാത്ത അവസ്ഥയിലാണ് പൊലീസ്.

ഗവർണർ വി സിയെ വിളിച്ച് വരുത്തി ആർക്കെങ്കിലും ഡീലിറ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണ്. പക്ഷേ ഇവിടുത്തെ യഥാർഥ പ്രശ്നം അതല്ല. ഗവർണർ അനധികൃതമായി ഇടപെട്ടിട്ടുണ്ടെങ്കിൽ സർക്കാരും സർവകലാശാലയും ഇത് ഒളിച്ചുവച്ചത് എന്തിനാണ്? സർവ്വകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്റെ വഴിവിട്ട ഇടപെടലുകൾ ആദ്യം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തത്. കണ്ണൂർ വി സി നിയമനത്തിൽ തെറ്റ് പറ്റിയെന്ന് ഗവർണർക്ക് ബോധ്യം ഉണ്ടെങ്കിൽ തെറ്റ് തിരുത്തണം. വി സി രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ പുറത്താക്കാൻ ഗവർണർ പുറത്താക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി സിയുടെ പുനർനിയമനം ശരിയാണെന്നാണ് വി സി അദ്യം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വീണ്ടും തിരുത്തി പറയേണ്ടി വരുമെന്നതിനാലാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നത്. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഡീലിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ. തെറ്റു പറ്റിയെന്നു പറയുന്ന ഗവർണർ അത് തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്.

കോവിഡിന്റെ മറവിൽ മെഡിക്കൽ സർവീസ് കോർപറേഷനിൽ നടന്നത് വൻകൊള്ളയാണ്. അത് ഉദ്യോഗസ്ഥരുട തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ളതല്ല. മന്ത്രിമാർ അവാർഡ് വാങ്ങിക്കാൻ മാത്രമുള്ളവരാണോ? എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പത്രസമ്മേളനം നടത്തി ചെറിയ കാര്യങ്ങൾ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രിക്ക് ഈ കൊള്ളയെ കുറിച്ച് അറിയിഞ്ഞില്ലേ? അറിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്? രാഷ്ട്രീയ നേതൃത്വത്തിനും മെഡിക്കൽ സർവീസ് കോർപറേഷനിലെ ഉന്നതർക്കും ഈ കൊള്ളയിൽ പങ്കുണ്ട്. ഇടനിലക്കാരായ ഏതാനും ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കാമെന്നു കരുതേണ്ട.- പ്രതിപക്ഷ നേതാവ് പറഞ്ഞു.