കൊച്ചി: വിരട്ടി ഭരിക്കാൻ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് 'മനസ്സിലാക്കി കളിച്ചാൽ മതി' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും സതീശൻ പറഞ്ഞു. കട തുറക്കാനാകാതെ വ്യാപാരികൾ വൻ കടക്കെണിയിലേക്കാണ് പോകുന്നതെന്നും സാമൂഹ്യ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോണുകൾ എടുത്തവർക്കെല്ലാം റിക്കവറി നോട്ടീസുകൾ ലഭിക്കുകയാണെന്നും കട തുറക്കാനാകാതെ എങ്ങനെ തിരിച്ചടവ് പറ്റുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തിരഞ്ഞെടുപ്പിന് മുൻപുള്ള ലോക്ഡൗൺ സമയത്ത് മോറട്ടോറിയം ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നെന്നും എന്നാൽ ഇത്തവണ അതൊന്നും കാണുന്നില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണോ. ഇത് കേരളമാണെന്ന് മറക്കരുത്. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വി.ഡി സതീശൻ വ്യക്തമാക്കി.

അതേസമയം പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെതതത്തി. മുഖ്യമന്ത്രി ആത്മഹത്യാ മുനമ്പിൽ നിൽക്കുന്നവരെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കടകൾ അടപ്പിക്കാനാണ് ശ്രമമെങ്കിൽ വ്യാപാരികൾക്കൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെതെ തെരുവു ഭാഷയാണെന്നും സുധാകരൻ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ.

അതേസമയം മുഴുവൻ കടകളും തുറക്കണം എന്ന ആവശ്യത്തിൽ ഉറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ചു നിൽക്കുകയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലും ഇന്ന് പ്രതിഷേധം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.

ശനിയും ഞായറും മാത്രം കടകൾ അടച്ചിട്ടതുകൊണ്ട് കോവിഡ് വ്യാപനം കുറയില്ലെന്ന വാദത്തിലാണ് വ്യാപാരികൾ. ഇടവേളകളില്ലാതെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാറിനെ സമ്മർദത്തിലാക്കാനുള്ള വ്യാപാരികളുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തെ നേരിടേണ്ട രീതിയിൽ നേരിടുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.