തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്ന രീതി ശരിയല്ലെന്നും ലക്ഷണമുള്ളവരെ മാത്രം പരിശോധിച്ച് ടി.പി.ആർ കൂട്ടി നിലനിർത്തുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. കടകൾ തുറക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. സംസ്ഥാനത്തെ വ്യാപാര മേഖല തകർന്നെന്നും വ്യാപാരികളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക തിരക്കാണ് അനുഭവപ്പെടുന്നത്. ആഴ്ചയിൽ ഒരു ദിവസം മാത്രം കട തുറന്നാൽ എങ്ങനെ തിരക്ക് കുറക്കാനാകും. തിരക്ക് കുറക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പര്യാപ്തമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാധാരണ ജനങ്ങൾ ദുരിതത്തിലാണ്, ലോണെടുത്തവർ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കിറ്റെക്‌സുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷം ഇതിൽ കക്ഷിയല്ല. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും കിറ്റക്‌സും നല്ല ബന്ധമായിരുന്നു. സിപിഎം എംഎ‍ൽഎ നൽകിയ പരാതിയിൽ സർക്കാർ നടത്തിയ പരിശോധനയെയാണ് കിറ്റെക്‌സ് പീഡനം എന്ന് വിശേഷിപ്പിച്ചത്. കമ്പനിയിൽ പരിശോധന പാടില്ല എന്ന കിറ്റക്‌സിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.