കൊച്ചി: നാളെ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേൽക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകളുമായി വിഡി സതീശൻ. കേരളത്തിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പിണറായി സർക്കാരിന് സാധിക്കട്ടെയെന്നും സതീശൻ പറഞ്ഞു. ശരിയായ കാര്യങ്ങൾക്ക് പിൻതുണ നൽകും. തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതിപക്ഷമായി തങ്ങൾ സഭയിലുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.

വിഡി സതീശൻ പറഞ്ഞത്: ''പുതുമുഖങ്ങൾ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അവർ ചെയ്യുന്ന ശരിയായ കാര്യങ്ങൾക്ക് പിൻതുണ നൽകിയും തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയിൽ ഞങ്ങളുണ്ടാകും.''

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ക്ഷണിക്കപ്പെട്ട 500 ഓളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നിയുക്ത മന്ത്രിമാർക്കും ഗവർണർക്കും സാമൂഹിക അകലം പാലിച്ച് ഇരിക്കാൻ മുഖ്യ പന്തലിൽ വിശാലമായ വേദി ഒരുക്കിയിട്ടുണ്ട്.