കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാന നിയോഗിക്കപ്പെട്ട വിഡി സതീശൻ പ്രതിപക്ഷ നയത്തിൽ പൊളിച്ചെഴുത്തുണ്ടാകും എന്നു വ്യക്തമാക്കി രംഗത്ത്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകൾ ചൂണ്ടിക്കാട്ടിയും ജനങ്ങൾ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സതീശൻ വ്യക്തമാക്കി. മികച്ച പ്രവർത്തനത്തിലൂടെ കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.

നല്ല കാര്യങ്ങളിലെല്ലാം സർക്കാരിനൊപ്പം നിൽക്കും. എല്ലാത്തിനെയും എതിർക്കുക എന്ന നിലപാടു സ്വീകരിക്കില്ല. എന്നാൽ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും എതിർക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന പോലെ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു. കാലത്തിന് അനുസരിച്ച് മാറും. കരുണാകരന്റെ ശൈലയില്ല ഇപ്പോഴത്തേത്. ഈ മാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇതു കാലത്തിന് അനുസരിച്ച് ശൈലിയിലുണ്ടായ മാറ്റമാണ്.

വലിയ പരാജയത്തെ നേരിട്ട് പ്രവർത്തകരുടെ ആത്മവിശ്വാസം മങ്ങിയ സമയമാണ്. അതു വീണ്ടെടുക്കുക പ്രധാനമാണ്. ഒപ്പം കേരളത്തിലെ ജനാധിപത്യ സമൂഹത്തിന്റെ വികാരവും കണക്കിലെടുക്കും. ശക്തിയായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ മനോഹാരിത. ഭരിക്കുന്നവർ ഏകാധിപത്യത്തിലേക്കു പോവാതെ തടയുക എന്നതാണ് പ്രതിപക്ഷ ധർമം. കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ട്. എന്നാൽ ഗ്രൂപ്പ് മെറിറ്റിനെ ബാധിക്കരുത്. സംഘടനാപരമായ വലിയ മാറ്റത്തിനായി കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ കാത്തിരിക്കുകയാണ് സതീശൻ പറഞ്ഞു.

വർഗീയതയെ കുഴിച്ചുമൂടുക എന്നതാണ് പ്രധാന ലക്ഷ്യം. യുഡിഎഫിന്റെ പ്രഥമ പരിഗണന ഇനി മുതൽ വർഗീയതയോട് സന്ധിയില്ലാത്ത സമരം നടത്തുക എന്നതാണെന്ന് സതീശൻ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള നേതാക്കളേയും കൂട്ടയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോവാൻ കഴിയുമെന്ന് ഉറപ്പുണ്ട്. അതിന് എല്ലാ തലങ്ങളിലുമുള്ള നേതാക്കളുടേയും പ്രവർത്തകരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു. 1967-ൽ ഉണ്ടായ പരാജയത്തിനു ശേഷം അതിന് സമാനമായ ഇപ്പോഴത്തെ പരാജയത്തിൽനിന്ന് തിരിച്ചുകയറാനുള്ള ശ്രമമാവും ഇനിയുള്ള ദിവസങ്ങളിൽ നടത്തുക.

അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. എംപിമാരുടെയും യുവ എംഎ‍ൽഎമാരുടെയും ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.

നിലവിൽ എ.ഐ.സി.സി സെക്രട്ടറിയും കെപിസിസി വൈസ് പ്രസിഡന്റുമായ വി.ഡി. സതീശൻ പറവൂരിൽ നിന്നുള്ള നിയുക്ത എംഎ‍ൽഎയാണ്. 2001ലെ കന്നി തെരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവർത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി.