തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടർച്ചയായി പിണറായി വിജയൻ എത്തുമ്പോൾ കോൺഗ്രസ് നിരയിൽ വി ഡി സതീശന്റെ പ്രതിപക്ഷ നേതൃത്വത്തിലെ അരങ്ങേറ്റമാകും അത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വെട്ടിമാറ്റിയാണ് മുൻനിരയിലേക്ക് സതീശൻ എത്തുക. ഇന്ന് തിരുവനന്തപുരത്ത് എത്തിയ സതീശൻ മുതിർന്ന നേതാക്കളെ കണ്ട് പിന്തുണ തേടിക്കൊണ്ടാണ് നാളെ സഭയിലേക്ക് പോകുക.

രാവിലെ കെ സി വേണുഗോപാൽ, വി എം സുധീരൻ, എം എം ഹസൻ എന്നിവരെ വീട്ടിലെത്തി കണ്ട സതീശൻ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി ആസ്ഥാനത്തെത്തിയും കണ്ടു. വൈകുന്നേരത്തോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയും കൂടിക്കാഴ്‌ച്ച നടന്നി സതീശൻ. സതീശന് ആശംസകൾ അറിയിച്ച ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന വാർത്തകളും തള്ളിക്കളഞ്ഞു.

അധ്യക്ഷനെ എഐസിസി തീരുമാനിക്കും. പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച് തിരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് എല്ലാവരുടെയും സഹകരണത്തോടെ പ്രവർത്തിക്കും. നേരത്തെ, കെപിസിസി പുനഃസംഘടന തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും തലമുറമാറ്റം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് കൂടിയാലോചനയ്ക്ക് ശേഷമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പുതുമുഖം വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തും മാറ്റം വേണമെന്ന് കോൺഗ്രസിൽ അഭിപ്രായം ശക്തമാണ്. കെ സുധാകരനെ അധ്യക്ഷനാക്കണമന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യമുയർന്നിരുന്നു. സതീശനെ അംഗീകരിക്കുന്നുവെന്ന് പരസ്യമായി പറയുമ്പോഴും പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്ത രീതിയിൽ ഉള്ളിൽ അതൃപ്തിയുമായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. മാറ്റമാണ് മനസ്സിലെന്ന സൂചന ഹൈക്കമാന്റ് ഒരു ഘട്ടത്തിലും നൽകാത്തതിലാണ് ഇരുവർക്കും പരാതി.

ബൈ ഗോൺ ഈസ് ബൈ ഗോൺ എന്നായിരുന്നു ഇന്ന് ചെന്നിത്തലയുടെ പ്രതികരണം. കഴിഞ്ഞത് കഴിഞ്ഞെന്ന് പറയുമ്പോഴും സതീശനെ കൊണ്ടുവന്ന രീതിയിലാണ് ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും ഉള്ളിൽ അമർഷം. എംഎൽഎമാരുടെ മനസ്സറിയാൻ എത്തിയ മല്ലികാർജ്ജുൻ ഖാർഗെയോട് ചർച്ചക്ക് മുമ്പ് ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നു. ഹൈക്കമാന്റ് നിലപാടറിയലായിരുന്നു നീക്കമെങ്കിലും ലക്ഷ്യം പറഞ്ഞില്ലെന്നാണ് പരാതി. ഒരുക്കം തലമുറ മാറ്റത്തിനാണെന്ന സൂചന നൽകിയെങ്കിൽ ഉമ്മൻ ചാണ്ടി തന്നെ ഇടപെട്ട് രമേശിനെ അനുനയിപ്പിക്കുമായിരുന്നുവെന്നാണ് എ ഗ്രൂപ്പ് വിശദീകരണം.

കെസി വേണുഗോപാലും മാറ്റം വരുന്നതിൽ മുൻകൂട്ടി സൂചന നൽകിയില്ലെന്ന പരാതിയും ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കുമുണ്ട്. ഹൈക്കമാൻഡ് അവസാനനിമിഷം വരെ ഇരുട്ടിൽ നിർത്തിയത് ബോധപൂർവ്വമായ നീക്കമാണെന്നാണ് രമേശിന്റെയും ഉമ്മൻ ചാണ്ടിയുടെയും സംശയം. എന്നാൽ മാറ്റത്തിനായി ഉയർന്ന വികാരം മനസ്സിലാക്കാൻ ഇരുനേതാക്കൾക്കുമായില്ലെന്നാണ് പരാതിക്ക് സതീശന്റെ വരവിനെ അനുകൂലിക്കുന്ന നേതാക്കളുടെ മറുപടി. തെരഞ്ഞെടുപ്പിനെ നയിച്ചവർ തോൽവിക്ക് ശേഷം സ്വയം ഒഴിയുമെന്ന ഹൈക്കമാൻഡ് വികാരം ഇരുനേതാക്കളും മനസ്സിലാക്കാനായില്ലെന്നാണ് യുവനിരയുടെ മറുപടി.

അതേസമയം അൻപത്തിമൂന്ന് പുതുമുഖങ്ങൾ ഉൾപ്പടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നാളെ നിയമസഭയിൽ നടക്കും. പ്രോടൈം സ്പീക്കർ പി.ടി.എ റഹിം സത്യവാചകം ചൊല്ലിക്കൊടുക്കും. പുതുമകളുടെ പെരുമഴയോടെയാണ് പതിനഞ്ചാം കേരളസഭ രൂപീകൃതമാകുന്നത്. നൂറ്റിനാൽപ്പത് എംഎ‍ൽഎ മാരിൽ അൻപത്തിമൂന്നുപേർ ഈ സഭാതലത്തിലെത്തുന്നത് ആദ്യമായി. മന്ത്രിമാരിലും പതിനേഴ് പേർ പുതുമുഖങ്ങൾ. മൂന്നുവനിതകൾ. ആദ്യമായി സഭയിലെത്തുന്ന എം.ബി. രാജേഷ് സഭയുടെ അധ്യക്ഷപദത്തിലെത്തും.

പ്രതിപക്ഷനേതാവ് എന്നനിലയിൽ പുതുതലമുറയുടെ പ്രതിനിധി വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടിയാണ് സഭയിലെ ഏറ്റവും സീനിയർ അംഗം. പുതുപ്പള്ളിയിൽ നിന്ന് തോൽവിയറിയാതെ എത്തുന്ന ഉമ്മൻ ചാണ്ടി പന്ത്രണ്ടാംതവണ എംഎ‍ൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. തൊടുപുഴയിൽ നിന്നെത്തുന്ന പി.ജെ. ജോസഫിന് ഇത് പത്താമൂഴമാണ്. പി.കെ. കുഞ്ഞാലക്കുട്ടി എട്ടാംതവണയും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഴാംതവണയുമാണ് നിയമസഭാംഗമാകുന്നത്. പിണറായി വിജയൻ, എ.കെ. ശശീന്ദ്രൻ, ഡോ. എം.കെ. മുനീർ, കെ.പി.എ മജീദ്, കെ. ബാബു എന്നിവർ ആറാം തവണയാണ് സഭയിൽ എത്തുന്നത്.

ചൊവ്വാഴ്‌ച്ചയാണ് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ്. 31, ജൂൺ 1,2 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. നാലിന് രാവിലെ ഒൻപതിന് പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ഏഴുമുതൽ ഒൻപതുവരെ ബജറ്റിന്മേലുള്ള പൊതുചർച്ച. അതിന്മേലുള്ള ധനകാര്യ നടപടികൾ അടുത്തദിവസങ്ങളിൽ പൂർത്തിയാക്കി 14 സഭ പിരിയാനാണ് ധാരണ.