തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞതിനെ ശരിവെക്കാതെ കേന്ദ്രമന്ത്രി വി മുരളീധരൻ. കെ സുരേന്ദ്രൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് മുരളീധരൻ അഭപ്രായപ്പെട്ടു. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ജാതകം താൻ നോക്കിയിട്ടില്ലെന്നായിരുന്നു വി. മുരളീധരന്റെ പ്രതികരണം.

'സ്വർണക്കടത്തുകേസിൽ സ്പീക്കറെക്കുറിച്ച് കെ സുരേന്ദ്രൻ പറഞ്ഞതിൽ അദ്ദേഹത്തോട് ചോദിക്കണം. താൻ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല. അന്വേഷണം നടത്തുന്ന ഏജൻസികളാണ് അതേക്കുറിച്ച് പറയേണ്ടത്. എനിക്ക് അറിയില്ല. മറ്റാരെങ്കിലും പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം. പാചകവാതക വിലയിലെ സബ്‌സിഡി പണം വീട്ടുകാരുടെ അക്കൗണ്ടിലേക്ക് വരും.

അതുകൊണ്ട് വില വർധന അവരെ ബാധിക്കില്ല. അതേസമയം ഇന്ധന വില നിർണയം കേന്ദ്രസർക്കാരിനല്ല. വിലവർധനവിന് ഉത്തരവാദിത്തമുണ്ടെങ്കിൽ അത് ഒരു കൂട്ടർക്കു മാത്രമാവില്ലല്ലോ. സംസ്ഥാന സർക്കാരിനും അതിൽ പങ്കുണ്ട്. ബിജെപി സർക്കാരിന്റെ തലയിൽ മാത്രം കെട്ടിവെക്കാനാവില്ല', വി. മുരളീധരൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

അന്വേഷണ ഏജൻസികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച് കേന്ദ്ര സർക്കാർ പ്രതിനിധിയായ താനൊന്നും പറയുന്നില്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തുവന്നത്. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്വർണക്കള്ളക്കടത്തുകാരെ സഹായിച്ചതെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. സ്പീക്കറുടെ വിദേശ യാത്രകൾ ദുരൂഹമെന്നും സുരേന്ദ്രൻ എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഉന്നതപദവിയുടെ മഹത്വം ഇത്തരം അധോലോകസംഘങ്ങൾക്ക് വേണ്ടി കളങ്കപ്പെടുത്തിയതിന്റെ പാപഭാരമാണ് സർക്കാർ പേറുന്നത്. മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും സ്വർണക്കടത്തിന് സഹായം നൽകി. പ്രധാന കുറ്റാരോപിതൻ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്പീക്കറുടെ വിദേശ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. ഒന്നും രണ്ടുമല്ല നിരവധി യാത്രകളാണ് നടത്തിയത്. സ്വർണം, ഡോളർ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ് സരിത്ത് എന്നിവരുടെ രഹസ്യമൊഴിയിൽ ഭരണ ഘടനാ പദവിയിലുള്ള ഉന്നതരുടെ പേര് പറഞ്ഞുവെന്നതായിരുന്നു ഏറെ വിവാദമായത്. ഉന്നതൻ ഈശ്വരന്റെ പര്യായമുള്ള ഒരാളെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സ്പീക്കറുടെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് ദിവസം സുരേന്ദ്രൻ രംഗത്തെത്തിയത്. അതേസമയം സ്പീക്കർ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തുവന്നിട്ടുമില്ല.