കൊച്ചി: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ധാരണയിലാണ് ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.

ജുഡീഷ്യൽ അന്വേഷണമല്ല വിഷയത്തിൽ പൊലീസ് അന്വേഷണമാണ് വേണ്ടത്. ഇ.എം.സി.സി. പ്രതിനിധികൾ അമേരിക്കയിൽവെച്ച് കണ്ടുവെന്ന് പറയുന്നത് വഴിയിൽവെച്ച് കണ്ടു എന്നുപറയുന്നത് പോലെയാണ്. സ്വർണക്കടത്തിൽ ബിജെപി.-സിപിഎം ധാരണയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അറിവില്ലായ്മ കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.

'രാഹുൽ ഗാന്ധി പല അബദ്ധങ്ങളും പറയും. കേരളത്തിലെ കാര്യങ്ങൾ രാഹുൽ ഗാന്ധിക്ക് മനസ്സിലായിട്ടില്ല. അമേഠിയിൽ പത്തുപതിനഞ്ചുകൊല്ലം നിന്നിട്ടും അവിടത്തെ ജനങ്ങൾ അദ്ദേഹത്തെ തള്ളി', മുരളീധരൻ പറഞ്ഞു. അതേസമയം ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അമേരിക്കൻ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു എന്ന് മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അമേരിക്കയിലെ കോൺസുലേറ്റ് മറുപടി നൽകിയിരുന്നെന്ന് മുരളീധരൻ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിനു ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരൻ പറഞ്ഞു. കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് 2019 ഒക്ടോബർ മാസം 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽനിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റ് നൽകിയ മറുപടി.

ഈ വിവരങ്ങൾ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വെച്ച് ഇഎംസിസിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്‌ട്രേഷൻ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്, മുരളീധരൻ പറഞ്ഞു. വിശ്വാസ്യതയുള്ള സ്ഥാപനമാണോ ഇഎംസിസി എന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷിക്കുകയും മറുപടി നൽകുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുള്ളതെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.

കേന്ദ്രസർക്കാറും എതിർത്തിരുന്ന കമ്പനിയുമായാണ് സർക്കാർ കരാർ ഉണ്ടാക്കിയത് എന്നതിനാൽ വിഷയം കൂടുതൽ ഗൗരവമായി മാറുകയാണ്. സർക്കാരിന്റെ അനുമതിയോടെയാണ് അമേരിക്കൻ കുത്തകയായ ഇഎംസിസിയുമായി സർക്കാർ എംഒയു ഒപ്പിട്ടതെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്ന വാദമാണ് ഇതോടെ സംശയ നിഴലിലാകുന്നത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നാടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. വിവാദമായപ്പോൾ ഇഎംസിസിയുമായുള്ള കരാർ സർക്കാർ റദ്ദാക്കിയിരുന്നു.

അതേസമയം ഇഎംസിസി സർക്കാരിന് ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുന്നതു നിയമപ്രകാരം കമ്പനി രൂപീകരിക്കുന്നതിനു മുൻപാണെന്ന വിചിത്ര കാര്യവും വ്യക്തമായിട്ടുണ്ട്. കമ്പനി രൂപീകരിച്ച് 3 മാസത്തിനുള്ളിൽ 5000 കോടി രൂപയുടെ പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളിൽ സർക്കാർ ഒപ്പുവച്ചു. ന്യൂയോർക്ക് ആസ്ഥാനമായ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം 5324.49 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ ഉപകമ്പനിയായ ഇഎംസിസി ഇന്റർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി സമർപ്പിക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. എന്നാൽ, ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം തന്നെ നിലവിൽ വന്നത് 2019 നവംബർ 26നാണ്.

നിയമപരമായി നിലവിൽ വരാത്ത കമ്പനിക്ക് സർക്കാരിനു മുന്നിൽ പദ്ധതി നിർദേശവുമായി എത്താൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഈ ാേചദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാറാണ്. ഇതോടെ ഇഎംസിസിക്ക് പിന്നിൽ ആരാണെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതു ഗ്ലോബൽ കൺസോർഷ്യത്തിന്റെ നേതൃത്വത്തിലായിരിക്കുമെന്നും പദ്ധതിരേഖയിലുണ്ട്. മാതൃ കമ്പനി നിലവിൽ വരുന്നതിനു മാസങ്ങൾക്കു മുൻപ്, 2019 ജനുവരി 11ന് ഉപകമ്പനിയായി അങ്കമാലി ആസ്ഥാനമായി ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് നിലവിൽ വന്നു. ഈ കമ്പനിയുമായാണു 2020 ഫെബ്രുവരി 28നു ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.