ന്യൂഡൽഹി: സിപിഎം നേതാക്കൾ രാജ്യത്തെ സേവിച്ച സൈനികരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും. ഈ സംസ്‌കാരം കേരളത്തിൽ വളർന്നു വരുന്നെന്നും സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവും ഇതിന്റെ പ്രചാരകരായി മാറുന്നെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രിമാർ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചാണ് ഇരുവരും കേരളത്തിനെതിരെ രംഗത്തുവന്നത്.

സൈനികരെ അപമാനിച്ചവർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ അപകടം നടന്ന കൂനൂർ സന്ദർശിച്ചില്ലെന്നും വി മുരളീധരൻ വിമർശിച്ചു. ഗവ പ്ലീഡർമാർ അടക്കം മോശം പരാമർശം നടത്തുന്നു, ഇത്തരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

സൈനിക മേധാവി ബിപിൻ റാവത്ത് കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിച്ച് ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. കശ്മീരി പൗരനെ ജീപ്പിൻ മുന്നിൽ കെട്ടിയ ഉദ്യോഗസ്ഥൻ മേജർ ലിതുൽ ഗൊഗോയിക്ക് കമൻഡേഷൻ കാർഡ് സമ്മാനിച്ചത് റാവത്താണെന്നത് അടക്കമുള്ള കാര്യങ്ങളായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.

സൈനികർ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായും രശ്മിത ഫേസ്‌ബുക്കിൽ എഴുതിയിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയിൽ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിതയുടെ പോസ്റ്റിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.