തിരുവനന്തപുരം: കേന്ദ്രം പെട്രോൾ-ഡീസൽ വില കുറച്ചതിന് പിന്നാലെ കേരളം വില കുറയ്ക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കേരളത്തിന്റെ കാര്യം പറയുമ്പോൾ കേരളത്തിലെ കാര്യം പറയണമെന്നും, അതല്ലാതെ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് വിരൽ ചൂണ്ടുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവേയായിരുന്നു ബൽറാമിന്റെ വിമർശനം.

കേരളം പെട്രോൾ ഡീസൽ വില കുറയ്ക്കുന്നില്ല എന്ന ആരോപണമുന്നയിച്ചപ്പോൾ, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇത്തരത്തിൽ വില കുറയ്ക്കാൻ തയ്യാറാവുന്നില്ലെന്ന ഡിവൈഎഫ്ഐ നേതാവിന് മറുപടിയായാണ് ബൽറാം ഇക്കാര്യം പറഞ്ഞത്. 'കേരളത്തിലെ കാര്യമാണ് ഞങ്ങൾ പറയുന്നത്. കേരളത്തിലാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. അത് പറയുമ്പോൾ രാജസ്ഥാനിലേക്ക് പോവുകയല്ല വേണ്ടത്. രാജസ്ഥാനിൽ പ്രതിപക്ഷം ഉണ്ടെങ്കിൽ, സിപിഐ.എം ഉണ്ടെങ്കിൽ അവർക്ക് ഇതിനെതിരെ സമരം നടത്താം. അല്ലാതെ ഞങ്ങളോട് ചോദിക്കുക അല്ല വേണ്ടത്,' ബൽറാം പറഞ്ഞു.

കേരളത്തിൽ തന്നെ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സൃഷ്ടിച്ച മാതൃകയുണ്ടെന്നും, സർക്കാർ ഇന്ധനങ്ങൾക്ക് മേൽ ചുത്തുന്നത് നികുതി മറ്റ് കാര്യങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അധിക വരുമാനം കേരളത്തിലെ ഓട്ടോ തൊഴിലാളികളികൾക്കും, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കും മത്സ്യ തൊഴിലാളികൾക്കും വീതിച്ചു നൽകണമെന്നും ബൽറാം കൂട്ടിച്ചേർത്തു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ മാതൃക തങ്ങൾ സ്വീകരിക്കില്ലെന്നും, ഉമ്മൻ ചാണ്ടി ഭരിക്കുന്ന കലയളവിൽ 13 തവണ വിൽപന നികുതി കൂട്ടിയ ശേഷമാണ് അൽപമെങ്കിലും കുറച്ചതെന്നും ഡിവൈഎഫ്ഐ നേതാവ് ചർച്ചയിൽ പറഞ്ഞു. കൂടാതെ, അന്നുണ്ടായതിൽ നിന്നും എൽ.ഡി.എഫ് സർക്കാർ അൽപം പോലും നികുതി കൂട്ടിയിട്ടില്ലെന്നും, മറിച്ച് കുറയ്ക്കുകയാണ് ചെയ്തത് എന്നുമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേരളം നികുതി കുറക്കേണ്ടതില്ല എന്ന നിലപാടാണ് സിപിഐ.എം സ്വീകരിച്ചിരുന്നത്. സിപിഐ.എം സംസ്ഥാന സമിതിയുടെ വ്യാഴ്യാഴ്ച ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാനും സംസ്ഥാന നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.

കേന്ദ്ര തീരുമാനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ വില കുറച്ചിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ലെന്ന ന്യായമാണ് സിപിഐ.എം മുന്നോട്ടുവെക്കുന്നത്. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കുറയ്ക്കാനാവില്ലെന്നുമാണ് ധനമന്ത്രി കെ. ബാലഗോപാൽ പറഞ്ഞത്.