ന്യൂഡൽഹി: രാജ്യത്തെ വാക്‌സിൻ നയം തിരുത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതി. കോവിഡ് വ്യാപനം തടയാൻ വാക്സിൻ നയം പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാവണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശിച്ചു. നിലവിലുള്ള വാക്സിൻ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. നിലവിൽ രണ്ടു മരുന്നു നിർമ്മാതാക്കൾ വ്യത്യസ്ത നിരക്കിലുള്ള വാക്സിൻ വില പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രത്തിന് കുറഞ്ഞ വിലയാണ്. സംസ്ഥാനങ്ങൾ കൂടിയ വില നൽകി വാങ്ങണം. മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മരുന്നുനിർമ്മാതാക്കളുമായി സമയവായത്തിൽ എത്തേണ്ട അവസ്ഥയിലാണ് സംസ്ഥാന സർക്കാരുകൾ. വാക്സിൻ കൂടുതൽ ആകർഷണീയമാക്കാൻ നടത്തുന്ന ഇത്തരം പ്രവൃത്തികൾ 18നും 44നും ഇടയിലുള്ളവർക്ക് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഈ പ്രായപരിധിയിൽ അരികുവൽക്കരിക്കപ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായി നിരവധിപ്പേർ ഉണ്ട്. ഇവർക്ക് വാക്സിൻ വില താങ്ങാൻ കഴിയണമെന്നില്ല. വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കും. സൗജന്യമായും സബ്സിഡി നിരക്കിലും വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാനങ്ങൾ തീരുമാനിച്ചേക്കാം. ഇതെല്ലാം രാജ്യത്ത് അസമത്വം സൃഷ്ടിക്കും. പൊതുജനാരോഗ്യത്തെ മുൻനിർത്തിയാണ് എന്ന് കണ്ട് കുത്തിവെയ്പ് നടത്താൻ തയ്യാറാവണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണ് വാക്സിൻ നയത്തിലുള്ളത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിവേചനം പാടില്ല. എല്ലാവരും നേരിടുന്നത് സമാനമായ പ്രശ്നങ്ങളാണ്. 45 വയസിന് മുകളിലുള്ളവർക്ക് കേന്ദ്രം വാക്സിൻ സൗജന്യമായി നൽകുമ്പോൾ 18നും 45നും ഇടയിൽ പ്രായമായവരുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പറയാം. വാണിജ്യ അടിസ്ഥാനത്തിൽ വാക്സിൻ കാര്യത്തിൽ സമവായത്തിന് സംസ്ഥാനം ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ യുക്തിപരമായി നോക്കിയാൽ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി വരുന്നതിനാൽ കേന്ദ്രസർക്കാർ തന്നെ വാക്സിനുകൾ സംഭരിക്കുകയാണ് വേണ്ടത്. വിലയുടെ കാര്യത്തിൽ വാക്സിൻ നിർമ്മാതാക്കളുമായി ഒത്തുതീർപ്പിന് കേന്ദ്രം ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം ഇന്ത്യക്കാവശ്യമായ വാക്സിൻ ലഭ്യമാക്കാൻ ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരുമെന്ന് സെറം ഇൻസ്റ്റിട്യൂട്ട് മേധാവി അദാർ പൂനവാല വ്യക്തമാക്കി. ജൂലായ് വരെ ഇന്ത്യയിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുമെന്ന് പൂനവാല വ്യക്തമാക്കിയതായി ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്നരലക്ഷത്തിലധികം പ്രതിദിന രോഗികളുമായി കോവിഡിനെതിരെ ഇന്ത്യ പോരാടിക്കൊണ്ടിരിക്കുകയാണ്.

ജൂലായോടെ വാക്സിൻ ഉത്പാദനം വർധിപ്പിക്കുമെന്നും പ്രതിമാസ ഉത്പാദനം 60-70 ദശലക്ഷം ഡോസിൽ നിന്ന് 100 മില്യൺ ഡോസായി വർധിപ്പിക്കാനാണ് സെറം ഇൻസ്റ്റിട്യൂട്ട് തയ്യാറെടുക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പതിനെട്ട് വയസ്സിന് മേൽ പ്രായമുള്ള എല്ലാവർക്കുമുള്ള വാക്സിൻ വിതരണം മെയ് ഒന്ന് മുതൽ ഇന്ത്യയിൽ ആരംഭിച്ചു.

ജനുവരിയിൽ കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ രണ്ടാമതൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത അധികൃതർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂനവാല പറഞ്ഞു. അതുകൊണ്ടുതന്നെ അധികൃതരിൽ നിന്ന് കൂടുതൽ വാക്സിൻ ഡോസുകൾക്കുള്ള ഓഡർ ലഭിച്ചിരുന്നില്ലെന്നും ഓഡർ ലഭിച്ചിരുന്നെങ്കിൽ വാക്സിൻ ഉത്പാദനം വർധിപ്പിക്കുമായിരുന്നെന്നും പൂനവാല വ്യക്തമാക്കി. പ്രതിവർഷം നൂറ് കോടി ഡോസുകളാണ് കമ്പനിയുടെ നിലവിലെ ഉത്പാദനശേഷി.

അസ്ട്രസെനകയും ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിന്റെ നിർമ്മാണം സെറം ഇൻസ്റ്റിട്യൂട്ടാണ് നടത്തുന്നത്. വാക്സിൻ ആവശ്യകത വർധിച്ചതിനാൽ മറ്റ് രാജ്യങ്ങളിൽ കൂടി ഉത്പാദനം ആരംഭിക്കാനുള്ള ആലോചനയിലാണ് സെറം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തോടെ വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.