കൊച്ചി: സംസ്ഥാനത്തെ വാക്‌സീൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. കേരളത്തിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് വാക്‌സീൻ ക്ഷാമം പരിഹരിക്കുന്നത് സംബന്ധിച്ച് അറിയിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചത്.

കേരളം ആവശ്യപ്പെട്ട വാക്‌സീൻ എപ്പോൾ ലഭ്യമാക്കുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ജനസംഖ്യയും രോഗവ്യാപനവും വാക്‌സിനേഷനിലെ കാര്യക്ഷമതയും ഉൾപ്പടെയുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് വാക്‌സീൻ വിതരണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.

കേരളത്തിനുള്ള വാക്‌സീനുകൾ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ പ്രസ്താവനകളല്ല, നടപടികളാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ കോടതി വാക്‌സീൻ വിതരണത്തിന് കർമപദ്ധതി വേണമെന്നും നിരീക്ഷിച്ചു.

വാക്‌സീൻ ലഭിക്കില്ലെന്ന ആശങ്കയാണ് വാക്‌സീൻ കേന്ദ്രങ്ങളിലെ തിരക്കിനു കാരണം. ഇത്തരം ആൾകൂട്ടം കോവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ആശങ്കയോടെയുള്ള പരക്കം പാച്ചിൽ സ്ഥിതി മോശമാക്കുമെന്ന് ജനം മനസ്സിലാക്കണമെന്ന് കോടതി അഭ്യർത്ഥിച്ചു.

തിരക്ക് ഒഴിവാക്കാൻ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പൊലീസും ഏകോപനത്തോടെ പ്രവർത്തിക്കണം. പൊലീസ് സഹായം ലഭ്യമാക്കാൻ 24 മണിക്കൂറിനകം എല്ലാ സ്റ്റേഷനുകൾക്കും ഡിജിപി സർക്കുലർ അയയ്ക്കണമെന്നും കോടതി നിർദേശിച്ചു.

അതേ സമയം വാക്‌സീൻ വിതരണ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധാ കേസെടുത്തിട്ടും സാഹചര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ഇന്നു പുലർച്ചെ മുതൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലെ വാക്‌സീൻ വിതരണ കേന്ദ്രത്തിൽ ശക്തമായ തിരക്കാണുണ്ടായത്. തുടർന്നു പൊലീസെത്തിയാണ് തിരക്കു നിയന്ത്രിക്കുകയും ആളുകളെ വരിയിലാക്കുകയും ചെയ്തത്.

പുലർച്ചെ നാലുമുതൽ തന്നെ രണ്ടാം ഡോസിനായി ആളുകൾ എത്തി കാത്തുനിൽക്കുന്നുണ്ടെന്ന് ഇവിടെയുള്ളവർ പറയുന്നു. ഒൻപതുമണിക്കു ശേഷം ജീവനക്കാരെത്തി ടോക്കൺ നൽകുമ്പോഴേയ്ക്കും കടുത്ത തിരക്ക് രൂപപ്പെട്ടു കഴിഞ്ഞിരുന്നു. തുടർന്നാണ് പൊലീസെത്തി ആളുകളെ കർശനമായി വരിയിൽ നിൽക്കാൻ നിർദേശിക്കുന്നത്.

കഴിഞ്ഞ ദിവസം വാക്‌സീൻ വിതരണമുണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് പുലർച്ചെ അഞ്ചുമണിക്ക് വിതരണ കേന്ദ്രത്തിൽ എത്തി കാത്തു നിന്നിട്ടും കോവിഷീൽഡ് ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചതായി തോപ്പുംപടി സ്വദേശിയായ മുതിർന്ന പൗരൻ പറയുന്നു. ഇന്നു രാവിലെ എത്തിയെങ്കിലും 150 പേർക്കു മാത്രമാണ് ടോക്കൺ നൽകിയത്.

രണ്ടാം ഡോസിന് എത്തിയവരിൽ ഏറെയും മുതിർന്ന പൗരന്മാരാണ്. ഇവർക്ക് വാക്‌സീൻ നൽകുന്ന കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകാത്തതാണ് തിരക്കിന് ഇടയാക്കുന്നതെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. ജില്ലയിലെ മറ്റു പല വാക്‌സീൻ കേന്ദ്രങ്ങളിലും ഇദ്ദേഹം ഇതിനകം വാക്‌സീൻ അന്വേഷിച്ചു ചെന്നിരുന്നു.

രണ്ടാം ഡോസ് എടുക്കേണ്ട ദിവസം സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പൊതുവായ നിർദേശമില്ലാത്തതുമാണ് പലരും പുലർച്ചെയെത്തി തിരക്കു കൂട്ടുന്നതിനു കാരണമാകുന്നത്. ആദ്യം 28 ദിവസം എന്നു പറയുകയും പിന്നീട് 46 ദിവസം വരെ ആകാമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി 90 ദിവസമെന്നും പറഞ്ഞത് മുഖവിലയ്‌ക്കെടുക്കാതെയാണ് ഇവരിൽ പലരും രണ്ടാം ഡോസിനായി തിരക്കു കൂട്ടുന്നത്.

ജില്ലയിലെ പെരുകുന്ന കോവിഡ് നിരക്ക് ആശങ്ക വർധിപ്പിക്കുന്നതും വാക്‌സീനെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ വാക്‌സീൻ കേന്ദ്രങ്ങളിലെത്തി തിരക്കു കൂട്ടുമ്പോൾ രോഗവ്യാപനം ഉണ്ടാകാമെന്ന കാര്യം പരിഗണിക്കാതെയാണ് പലരും പുലർച്ചെ മുതൽ ഇവിടെയെത്തി കാത്തു നിൽക്കുന്നത്. വാക്‌സീൻ ലഭിക്കാതെ വരുന്നതോടെ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുന്നതും വാക്കേറ്റത്തിലേക്ക് എത്തുന്നതും പതിവാകുന്നുണ്ട്.

ജില്ലയിലെ 82 കേന്ദ്രങ്ങളിലൂടെ വാക്‌സീൻ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഓരോ കേന്ദ്രങ്ങളിലും കോവിഷീൽഡിന്റെ 150 ഡോസാണ് നൽകാൻ തയാറായിട്ടുള്ളത്. ഇതിൽ 30 എണ്ണം ആദ്യ ഡോസ് എടുക്കുന്നവർക്കും 120 എണ്ണം രണ്ടാം ഡോസ് എടുക്കുന്നവർക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഡോസ് എടുക്കുന്നവർ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. രണ്ടാം ഡോസുകാർക്ക് നേരിട്ട് വാക്‌സീൻ വിതരണ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും എന്നുമാണ് അറിയിച്ചിരിക്കുന്നത്.