വടകര: അർജുൻ ആയങ്കിയുടെ സ്വർണ്ണ കടത്തിൽ പ്രതിസന്ധി നേരിടുന്ന സിപിഎമ്മിനെ വെട്ടിലാക്കി ബലാത്സംഗ കേസും. ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം. നേതാക്കൾക്കെതിരേ കേസ് എടുക്കുമ്പോൾ അതും രാഷ്ട്രീയ ചർച്ചയായി മാറുന്നുണ്ട്.

സിപിഎം. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ളപറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റിയംഗം തെക്കെപറമ്പത്ത് ലിജീഷ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇരുവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. യുവതി പരാതി നൽകിയ സാഹചര്യത്തിലാണ് ഇത്.

മൂന്നു മാസം മുമ്പ് ആളില്ലാത്ത സമയം രാത്രി പതിനൊന്നോടെ വീടിന്റെ കതകു തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്നു തവണകൂടി ഇത്തരത്തിൽ പീഡനം തുടർന്നുവെന്നും പിന്നീട് ഇയാൾ പറഞ്ഞറിഞ്ഞ് ഡിവൈഎഫ്ഐ. നേതാവ് ലിജീഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഭീഷണി തുടർന്നതോടെ വീട്ടമ്മ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്നാണ് വടകര പൊലീസിൽ പരാതി നൽകിയത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. രണ്ടുപേരും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും സ്ഥാനങ്ങളിൽനിന്നും സിപിഎം പുറത്താക്കി.

തുടർച്ചയായ പീഡനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന യുവതി ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിനു ശേഷമാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സ്ത്രീയുടെ പരാതി വിശദമായി പരിശോധിച്ച പൊലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്‌ഐആർ ഇട്ടത്. പരാതിക്കാരിയിൽ നിന്നും വിശദമായ മൊഴി ഉടനെ രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേമയാക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവം ഒതുക്കിത്തീർക്കാനും ശ്രമമുണ്ടായി. ഇതിന് പാർട്ടിയുടെ ജില്ലാ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും പരാതിക്കാരി ഉറച്ചു നിൽക്കുകയായിരുന്നു എന്നാണ് സൂചന. പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ പ്രശ്‌നവുമായി ബന്ധപെട്ട് നിരവധി തവണ മധ്യസ്ഥ ചർച്ചകൾ നടത്തുകയും നിരവധി ഓഫറുകൾ നൽകുകയും ചെയ്തെങ്കിലും യുവതി ഇതെല്ലാം നിരസിക്കുകയായിരുന്നു .

ഇതിന് പിന്നാലെ പാർട്ടി അണികളും പരാതിക്കാർക്കെതിരെ രംഗത്ത് വന്നിരുന്നു . ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.