വടകര: പാർട്ടി അംഗത്തെ ബലാത്സംഗംചെയ്‌തെന്ന കേസിൽ പ്രതികളായ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആരോപണം ഉയർന്നതിന് പിന്നാലെ ഇരുവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ബാബുരാജ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആയിരുന്നു ലിജീഷ്. സിപിഎം. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജും ഡിവൈഎഫ്ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി. ലിജീഷും ചേർന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെയാണ് യുവതി മൊഴിനൽകിയത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി. പീഡനം നടന്ന വീട്ടിലെത്തിയും പൊലീസ് തെളിവുകൾ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.

മൂന്നുമാസം മുമ്പാണ് പീഡനത്തിന്റെ തുടക്കം. പിന്നീട് പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നതെന്ന് യുവതി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മാനസികമായി തകർന്നുപോയ യുവതി ഭർത്താവിനോട് സംഭവം വെളിപ്പെടുത്തിയതോടെ വിവാദത്തിന് പുതിയ തലം എത്തി. കേസ് ഒത്തുതീർക്കാൻ ചില സിപിഎം നേതാക്കളും ശ്രമിച്ചു. പക്ഷേ യുവതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നെന്നാരോപിച്ച് യുവമോർച്ച രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയർന്നത്. കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകിയത്. ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതിനിടെ പരാതിക്കാരിക്കു പൂർണപിന്തുണ നൽകുമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ വ്യക്തമാക്കി. പരാതി നൽകും മുൻപേ പാർട്ടി ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും പരാതിക്കാരിക്കു പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ജനാധിപത്യ മഹിള അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ പ്രവർത്തകർ പരാതിക്കാരിയെ കാണാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ അനുവദിച്ചില്ല. പാർട്ടി ഇടപെടൽ കാരണമാണ് അറസ്റ്റ് വൈകുന്നതെന്നാണു കോൺഗ്രസിന്റെ ആക്ഷേപം.

ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയാ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ എംഎൽഎ. കെ.കെ. രമ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മൂന്നു മാസങ്ങൾക്കുമുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പലതവണ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ബാബുരാജിന്റെ നിർദ്ദേശപ്രകാരം പിന്നീട് ലിജീഷും വീട്ടിലെത്തി പലയാവർത്തി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.