ഇടുക്കി: വാഗമണിലെ ലഹരിപ്പാർട്ടി കേസിൽ സമഗ്രമായ അന്വേഷണത്തിന് വഴിതെളിയുന്നു. കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കയാണ്. കേസിൽ സെലബ്രിറ്റികൾക്ക് ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനും കൈമാറിയത്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്‌പി പി.കെ.മധുവിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ നടപടി. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമൺ പാർട്ടി സംഘാടകർക്കുള്ള ബന്ധം വിശദമായി പരിശോധിക്കും. കേസിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരി മാഫിയാ ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ഏഴു തരം ലഹരിവസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മൽ സക്കീറാണ് ലഹരിവസ്തുക്കൾ പാർട്ടിക്കായി എത്തിച്ചത്. ഇയാൾക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. രണ്ട്, മൂന്ന് സ്ഥാനത്തുള്ള പ്രതികൾ മെഹറിൻ, നബിൽ എന്നിവർക്കുള്ള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മൽ സക്കീർ,കോഴിക്കോട് സ്വദേശി സൽമാൻ എന്നിവരുമായി നടിക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു.നടിയെ മറയാക്കി കോവിഡ് ലോക്ഡൗൺ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറിൽ നിരവധി തവണ ലഹരിമരുന്ന് കടത്തി. ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കിയിരുന്നത് ലഹരികടത്ത് സംഘം ഉപയോഗപ്പെടുത്തി.

ഓണക്കാലത്തും, ദീപാവലിക്കും ദസറയ്ക്കും ലഹരി സംഘം തമിഴ്‌നാട്, കർണാടക അതിർത്തി വരുന്നയിടങ്ങളിൽ ലഹരി പാർട്ടി നടത്തി. കൊച്ചി നഗരത്തിലും, കണ്ണൂർ,കോഴിക്കോട്,മൂന്നാർ, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നടന്ന പാർട്ടികളിൽ ബ്രിസ്റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തിൽ മനസിലായത്.ബർത്ത്‌ഡേ പാർട്ടി എന്ന പേരിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെയാണ് സംഘം ലഹരിപാർട്ടികൾ സംഘടിപ്പിച്ചിരുന്നത്. ഇതിൽ നടി സജീവമായി പങ്കെടുത്തു. പ്രതികളായ അജ്മലിന്റെ സംഘത്തിൽ നിന്ന് ഇടയ്ക്ക് ചെറിയ അളവിൽ ലഹരി ഉപയോഗിച്ച് ശീലിച്ച നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി.വാഗമണിലെ പാർട്ടിയിൽ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും അത് ചുരുട്ടി ഉപയോഗിക്കുന്ന ഹെർബ് റോളിങ് പേപ്പറുമായാണ് നടിയെപൊലീസ് പിടികൂടിയത്.

സിനിമയിലെ ഒരു സ്റ്റണ്ട് താരവും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതോടെ പക്ഷെ നടി രക്ഷപ്പെട്ടു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ നടിക്ക് ലഹരികടത്തിൽ വലിയ പങ്കുണ്ടെന്ന് മനസിലായതോടെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നടന്ന ലഹരി പാർട്ടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നെങ്കിലും എതിർചേരിയിലുള്ളവരുടെ ലഹരി ബന്ധം പൊലീസിനെ അറിയിച്ചിരുന്ന ഇൻഫോർമറായി നടി പ്രവർത്തിച്ചിരുന്നതിനാൽ പിടിക്കപ്പെട്ടിരുന്നില്ല.

ക്രിസ്മസിനും പുതുവർഷത്തിനും നടക്കുന്ന ആഘോഷങ്ങളിൽ വലിയ ലഹരിമരുന്ന് പാർട്ടികൾ നടക്കാമെന്ന സൈബർ പൊലീസിന്റെ നിരീക്ഷണമാണ് സംഘത്തെ പിടികൂടാൻ കാരണമായത്. കേസിൽ ഇതുവരെ അറസ്റ്റിലായ ഒൻപത് പ്രതികളുടെയും വാഹനങ്ങളിൽ നിന്നും ബാഗുകളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പാർട്ടികളിൽ ഇവ എത്തിച്ചത് ഒന്നാംപ്രതി അജ്മൽ സക്കീറാണ്.ബ്രിസ്റ്റി ബിശ്വാസ് പങ്കെടുക്കുന്ന പാർട്ടികളുടെ പേരിൽ ലഹരിസംഘം വലിയ നിരക്കാണ് പാർട്ടികൾക്ക് ഏർപ്പെടുത്തിയത്. ഇവരോടൊപ്പം സമയം ചിലവഴിക്കാൻ എഞ്ചിനീയർമാരും ഐ.ടി വിദഗ്ദ്ധരും ഡോക്ടർമാരും വരെ എത്തിയിരുന്നു. ഇതിലൂടെ ലക്ഷങ്ങൾ പ്രതിമാസം നടി പ്രതിഫലമായി പറ്റിയിരുന്നു. ഇതുസംബന്ധിച്ച വിശദ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുക.