കൊച്ചി: ഇടുക്കി വാഗമൺ കേന്ദ്രീകരിച്ചു നടന്ന ലഹരിമരുന്നു പാർട്ടിയിലെ അന്വേഷണം നീളുന്നത് മലയാള സിനിമാ രംഗത്തേക്കോ? അറസ്റ്റിലായവരിൽ ഒരാളായ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയായ നടിക്കുള്ള ബന്ധമാണ് അന്വേഷണം സിനിമാ രംഗത്തേക്ക് നീളുന്നുവെന്ന സൂചനകൾ പുറത്തുവരാൻ കാരണം. മോഡലിങ് രംഗത്തും സജീവമായ ബ്രിസ്റ്റി ബിശ്വാസാണ് റെയ്ഡിൽ അറസ്റ്റിലായത്. ഇവർക്ക് മയക്കുമരുന്നു സംഘവുമായി നേരിട്ടുള്ള ബന്ധമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കേസിലെ ഒമ്പതാം പ്രതിയായിട്ടാണ് ഇവരെ പൊലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്‌സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ ബ്രിസ്റ്റി ബിശ്വാസ് എന്നാണ് പൊലീസ് നൽകുന്ന സൂചന. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ കൂടുതൽ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്‌സൈസിന്റെ പ്രതീക്ഷ.

അതേസമയം ഇടുക്കി വാഗമണിലെ നിശാ പാർട്ടിയിൽ വിളമ്പാനെത്തിച്ചത് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഏഴു തരം ലഹരി വസ്തുക്കളെന്ന് റിമാൻഡ് റിപ്പോർട്ട്. പാർട്ടിയിൽ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസിൽ അറസ്റ്റിലായ മോഡലിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ്.

വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരി നിശാ പാർട്ടിക്കിടെ പിടിയിലായവരുടെ കയ്യിൽ നിന്നു ലഭിച്ചത് ഏഴു തരത്തിലുള്ള ലഹരി വസ്തുക്കളാണ്. എംഡിഎംഎ എൽഎസ്ഡി, കഞ്ചാവ്,എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്‌സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളിൽ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളിൽ നിന്നും ബാഗുകളിൽനിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.

പാർട്ടിയിൽ പങ്കെടുത്ത ബാക്കിയുള്ളവർ ലഹരിമരുന്ന് ഉപയോഗിച്ചോ എന്നറിയാൻ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ മാതാപിതാക്കളെ വാഗമണ്ണിലേക്കു വിളിച്ചുവരുത്തിയശേഷം വിട്ടയച്ചു. രക്തപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. നിശാപാർട്ടി നടന്ന, സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇൻ റിസോർട്ട് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം അടച്ചുപൂട്ടി. വാഗമണ്ണിൽ നിശാപാർട്ടിക്കിടെ പിടികൂടിയ ലഹരിമരുന്നു സംബന്ധിച്ചു കൊച്ചി സിറ്റി പൊലീസിലെ ആന്റി നർക്കോട്ടിക്‌സ് വിഭാഗം അന്വേഷണം നടത്തും.

കൊക്കെയ്‌നും എംഡിഎംഎ അടക്കമുള്ള രാസലഹരിമരുന്നുകളും വിദേശത്തു നിന്നു വ്യാപകമായി കൊച്ചിയിലെത്തിക്കുന്നതായി നേരത്തേ തന്നെ അന്വേഷണ ഏജൻസികൾക്കു വിവരമുണ്ട്. ഗോവയിൽ നിന്നു രാസലഹരിമരുന്നുകളെത്തുന്നുവെന്ന വിവരത്തെ തുടർന്നു കുറിയർ ഏജൻസികൾ നിരീക്ഷണത്തിലാണ്. വ്യാപകമായ വാഹന പരിശോധനയും നടക്കുന്നുണ്ട്.

തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മൽ സക്കീറാണ് ഇവയെല്ലാം നിശാ പാർട്ടികളിലേയക്ക് എത്തിച്ചു നൽകിയത്. അന്തർ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുൻപ് വിവിധയിടങ്ങളിൽ ഇവർ പാർട്ടികളിൽ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പുതുവർഷത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വൻ തോതിൽ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തി ജില്ലാ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയത്. ജില്ലാ അതിർത്തിയിലെ വനപാതകളും എക്‌സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്.

കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവർ നേരത്തെ പാർട്ടി സംഘടിപ്പിച്ചിരുന്നത്. സൽമാൻ, നബീൽ എന്നിവരാണ് ലഹരിപാർട്ടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സിനിമ, മോഡലിങ് രംഗത്തെ പലരുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. വാഗമണിലെ പാർട്ടിയിൽ സിനിമാമേഖലയിലെ ചിലർ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേർന്നിരുന്നില്ല.

അതിനിടെ വാഗമണ്ണിൽ ലഹരി നിശാപാർട്ടി നടത്തിയ സാഹചര്യത്തിൽ, ജില്ലയിൽ നടക്കാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളും പൊലീസ് നിരീക്ഷിക്കും. ഇത്തരം പാർട്ടികളിൽ വ്യാപകമായി ലഹരിമരുന്നുകൾ എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവന്ന സാഹചര്യത്തിൽ മൂന്നാർ, വാഗമൺ എന്നിവിടങ്ങളിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ നടക്കുന്നുണ്ട്.