കോട്ടയം: തെന്നിന്ത്യൻ സിനിമാ ലോകത്തു തന്നെ ഏറെ അറിയപ്പെടുന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. അന്ധയായ ഈ ഗായിക തമിഴകത്തിലും മലയാളത്തിലുമെല്ലാം ഹിറ്റ് ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു. വെളിച്ചത്തിന്റെ ലോകത്തേക്ക് എത്താൻ ഏറെ ആഗ്രഹിക്കുന്ന വൈക്കം വിജയലക്ഷ്മിയെ കുറിച്ച് ഇടയ്ക്കിടെ വ്യാജവാർത്തകൾ സൈബർ ഇടങ്ങളിൽ പ്രചരിക്കാറുണ്ട്. വൈക്കം വിജയലക്ഷ്മിക്ക് കാഴ്‌ച്ച കിട്ടിയെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിയാണ് ഗായിക രംഗത്തുവന്നത്.

അടുത്തിടെ ചില മാധ്യമങ്ങൾ വിജയലക്ഷ്മിക്കു കാഴ്ച കിട്ടിയെന്ന തരത്തിൽ വാർത്ത നൽകിയിരുന്നു. പിന്നാലെ തനിക്കു നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുതെന്നും വിജയലക്ഷ്മി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ വിഡിയോയിലൂടെയാണ് വൈക്കം വിജയലക്ഷ്മി സത്യാവസ്ഥ വിവരിച്ചത്.

'യുട്യൂബിൽ ഒരു വാർത്ത കണ്ട് ധാരാളം ആളുകൾ വിളിക്കുന്നുണ്ട്. പക്ഷേ ആ വാർത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ഇപ്പോൾ അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതൽ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയിട്ടില്ല. അടുത്ത വർഷം അമേരിക്കയിൽ പോയി ബാക്കി ചികിത്സകൾ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ.

ആരോ തെറ്റിധാരണയുടെ പുറത്തായിരിക്കും എനിക്കു കാഴ്ച ലഭിച്ചുവെന്ന വാർത്ത കൊടുത്തത്. ആ വാർത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിനു ശേഷം ഞാൻ തീർച്ചയായും വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എനിക്കൊപ്പമുണ്ടായിരിക്കണം', വൈക്കം വിജയലക്ഷ്മി പറഞ്ഞു.

വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സിനിമപിന്നണിഗാനത്ത് കയ്യടി നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയില്ലെങ്കിലും പാട്ട് കാണാപ്പാഠം പഠിച്ചാണ് വിജയലക്ഷ്മി പാടാറുള്ളത്. മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ള വിജയലക്ഷ്മിക്ക് കാഴ്ച കിട്ടുന്നതിനു വേണ്ടിയുള്ള ചികിത്സകൾ നടക്കുന്നുണ്ട്. 'യുഎസിൽ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ഞരമ്പിന്റെയും ബ്രയിനിന്റെയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോൾ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്‌നമാണ് ഇപ്പോഴുള്ളത്. അതിപ്പോൾ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലിൽ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആർടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നുമാണ് വിജയലക്ഷ്മിയുടെ പിതാവ് അന്ന് പ്രതികരിച്ചത്.