കൊച്ചി: മുൻ മിസ് കേരള വിജയികളായ അൻസി കബീറും അഞ്ജന ഷാജനും വാഹനാപകടത്തിൽപെട്ടത് ഫോർട്ട് കൊച്ചിയിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെയെന്ന് പൊലീസ്.കൊച്ചിയിൽ നിന്ന് തൃശ്ശുരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വച്ചായിരുന്നു അപകടം.2019 ലെ മിസ് കേരള അൻസി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) പുറമെ സുഹൃത്തുക്കളും തൃശ്ശുർ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.

അർധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാർ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. മുന്നിലെ ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.ആൻസിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഇതിൽ അബ്ദുൾ റഹ്മാനാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം.മുഹമ്മദ് ആഷിഖിന്റെ നില ഗുരുതരമായി തുടരുകയാണ്.കാറിലുണ്ടായിരുന്നഎന്നിവരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചിയിൽനിന്നു അൻജനയുടെ തൃശൂരിലെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു എന്നാണ് അപകടത്തിൽ പരുക്കേറ്റയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദുരന്തമായത്.

 

ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരുക്കുമൂലമാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.

ഡ്രൈവർ സീറ്റിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. പിന്നിൽ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അൻജനയുടെ സഹോദരൻ അപകടമറിഞ്ഞ് രാത്രിയിൽ തന്നെ കൊച്ചിയിൽ എത്തി. അൻസിയുടെ തിരുവനന്തപുരത്തുള്ള ബന്ധുക്കളും രാത്രി തന്നെ കൊച്ചിയിലേയ്ക്കു പുറപ്പെട്ടിരുന്നു.

മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനനാളുകളിൽ അൻസിയും അൻജനയും തുടങ്ങിയ സൗഹൃദം, റാംപിലെ കടുത്ത മത്സര ദിനങ്ങളിൽ വളർന്നുപടർന്നു.ഈ കോവിഡ് കാലത്തും പരസ്പരം അടുത്ത ബന്ധം കാത്തുസൂക്ഷിച്ച അൻസിയും അൻജനയും ഒടുവിൽ മരണത്തിലും ഒന്നിച്ചു.