പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അമ്മയ്‌ക്കൊപ്പം ഡിഎച്ച്ആർഎം മേധാവി സലാന പ്രക്കാനം, സാമൂഹിക പ്രവർത്തകയും കവിയത്രിയുമായ ബിന്ദു കമലൻ എന്നിവരും തലമുണ്ഡനം ചെയ്തു. പെൺകുട്ടികളുടെ വസ്ത്രവും ചെരിപ്പും പാദസരവും നെഞ്ചോട് ചേർത്ത് പിടിച്ചാണ് അമ്മ തലമുണ്ഡനത്തിനായി ഇരുന്നത്.

പിന്തുണയുമായി പാലക്കാട് എംപി രമ്യ ഹരിദാസ്, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും സ്ഥലത്തെത്തി. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് സർക്കാർ മറുപടി പറയണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്‌ഐ ചാക്കോയെയും ഡിവൈഎസ്‌പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. നേരത്തെ വാളയാർ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ ജലജ മാധവിനെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

14 ജില്ലകളിലും സർക്കാരിന്റെ നീതി നിഷേധത്തിനെതിരെ വാളയാർ അമ്മയെ മുൻനിർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇളയ പെൺകുട്ടിയുടെ നാലാം ചരമവാഷിക ദിനമായ മാർച്ച് നാലിന് എറണാകുളത്ത് 100 പേർ തലമൊട്ടയടിച്ച് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കും. വാളയാറിലെ അമ്മതന്നെ പ്രത്യക്ഷ സമരവുമായി സംസ്ഥാനത്തുടനീളം പ്രചരണത്തിനിറങ്ങുമ്പോൾ സക്കാരിന് മേൽ സമ്മർദ്ദമേറുകയാണ്.

വാളയാർ പീഡന കഥ ഇങ്ങനെ:

2017ലായിരുന്നു കൊലപാതകങ്ങൾ. 52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടു. സ്വന്തം ചേച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുന്നോട്ടു പോയി. രണ്ടു പേർ മുഖം മറച്ച് ഓടിപ്പോകുന്നത് കണ്ടു എന്ന ഇളയ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. മക്കളെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ തന്നെ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോൾ തന്നെ മാതാപിതാക്കൾ പൊലീസിന് മൊഴികൊടുത്തിട്ടും അവർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാർ ഇടപെട്ട് മണിക്കൂറുകൾക്കകം ജാമ്യത്തിലിറക്കി എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.. മൂത്ത് കുട്ടിയുടെ മരണം കഴിഞ്ഞു രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടു.

കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ അവർ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേർത്ത് വാളയാർ പൊലീസ് അന്വേഷണം തുടങ്ങി. മൂത്തകുട്ടിയുടെ ഓട്ടോപ്സിയിൽ തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന പൊലീസ് ഒരു പരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി. പിടികൂടിയ പ്രതികൾക്കുമേൽ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐപിസി 376 (ബലാത്സംഗം), എസ് സി എസ്ടി (പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, പോസ്‌കോ , ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി കേസ് ചാർജ്ജ് ചെയ്യപ്പെട്ടു. ഒടുവിൽ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോൾ പൊലീസിന്റെയും പ്രൊസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി. പ്രതികളാക്കപ്പെട്ട ഏഴുപേരിൽ നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ സെപ്റ്റംബർ 30 -ന് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട കോടതി, ബാക്കി മൂന്നുപേരെക്കൂടി കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.

ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. ഇളയകുട്ടിയാണ് ചേച്ചി തൂങ്ങിമരിച്ച കാഴ്ച ആദ്യമായി കാണുന്നത്. ഇത്തരത്തിൽ ഒരു ആത്മഹത്യ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് പൊലീസ് ചെന്നന്വേഷിക്കണമെന്നാണ്. വിവരം പൊലീസിൽ അറിയിക്കപ്പെടുന്നത് രാത്രി ഏഴരയോടെയാണ്. ഒമ്പതുമണിക്ക് മുന്നേ തന്നെ എഫ്‌ഐആറും രജിസ്റ്റർ ചെയ്യപ്പെടുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തപ്പെടുന്നു. ശരീരത്തിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും പോറലുകളും ചെറിയ മുറിവുകളും മറ്റും ഉള്ളതായി കണ്ടെത്തപ്പെടുന്നു. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുന്നു.

മൃതദേഹത്തിന്റെ ഓട്ടോപ്സി ഫലത്തിൽ അസിസ്റ്റന്റ് സർജൻ ഗൗരവമുള്ള ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിലൊന്ന്, കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കാണുന്ന അണുബാധയ്ക്ക് കാരണം ഒന്നുകിൽ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കിൽ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതാകാം എന്നതായിരുന്നു. ഫോറൻസിക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പോലും ലൈംഗികപീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞിട്ടുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി. ഒരു തുടരന്വേഷണവുമുണ്ടായില്ല. ഒരു ആത്മഹത്യയാണ് നടന്നത് എന്നുറപ്പിച്ചതോടെ അസ്വാഭാവികമരണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുപോലും അന്വേഷണം അവസാനിപ്പിച്ചു.

ആദ്യ മരണം കഴിഞ്ഞു 52 ദിവസങ്ങൾക്കുള്ളിൽ, മാർച്ച് 4 -ന്, ഇളയ കുട്ടിയും മരിച്ചു. മൂത്ത പെൺകുട്ടി തൂങ്ങിയതായി കണ്ട അതേ മച്ചിൽ തൂങ്ങിയാണ് ഇളയകുട്ടിയുടെ മരണവും വന്നത്. . അതോടെ കേസ് മാധ്യമശ്രദ്ധയാകർഷിച്ചു. ഇളയകുട്ടിയുടെ ഓട്ടോപ്സി റിപ്പോർട്ടിൽ ആ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. അതോടെ പൊലീസ് പോക്‌സോ കൂടി ചുമത്തി ബലാത്സംഗക്കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം തുടങ്ങിയത്. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപെടുകയായിരുന്നു.