വാളയാർ: വാളയാർ പീഡനക്കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ചു. ആലപ്പുഴ വയലാറിലെ വീട്ടിലാണ് വാളയാർ കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തെളിവില്ലെന്ന് കണ്ട് ഇയാളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കിയതും വിവാദമായിരുന്നു.

2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട 6 കേസുകളിൽ മധു (വലിയ മധു), മധു (കുട്ടിമധു), പ്രദീപ് കുമാർ, ഷിബു എന്നിവരാണ് പ്രതികൾ.സർക്കാരിന്റെ അലംഭാവം മൂലമാണ് കേസിൽ, പ്രതികളെ കോടതി വെറുതെ വിട്ടതെന്ന് പ്രതിപക്ഷവും ദളിത് സംഘടനകളും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ തുടരന്വേഷണത്തിന് സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.

ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഒക്ടോബർ 9ന് സെക്രട്ടറിയേറ്റിൽ സമരം ആരംഭിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പെൺകുട്ടികളുടെ രക്ഷിതാക്കളുടെ സമരം. ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്‌ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്‌പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡി.വൈ.എസ്‌പി സോജന് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കുമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങളായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം സർക്കാരിലുള്ള പ്രതീക്ഷ കൈവിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.