തിരുവനന്തപുരം: സീരിയൽ-സിനിമാ നടനായ വലിയശാല രമേശിന്റെ ആത്മഹത്യയിൽ ദുരൂഹത കണ്ട് സുഹൃത്തുക്കൾ. ഒരാഴ്ച മുമ്പായിരുന്നു വലിയശാല രമേശിന്റെ മരണം. ആത്മഹത്യക്കുള്ള കാരണം ആർക്കും അറിയാത്തതാണ് ഇതിന് കാരണം. രാത്രി എട്ടരയ്ക്കായിരുന്നു വലിയശാല രമേശിന്റെ മരണം. ഇത് പൊലീസ് അറിഞ്ഞത് കനാഡയിലുണ്ടായിരുന്ന മകന്റെ ഇടപെടലിലൂടെയാണ്. ഇതിനൊപ്പം വലിയശാല രമേശിന്റെ വീടുകളെ ചൊല്ലിയുള്ള തർക്കവും സംശയത്തിന് ഇടനൽകുന്നു.

രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്‌നങ്ങളിലേക്ക് മാറിയത്. വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു. പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് വസ്തുത.

കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നു. ഇതിനൊപ്പമാണ് മരണം പൊലീസിൽ അറിയിക്കുന്നതിലെ വീഴ്ചയും ചർച്ചയാകുന്നത്. ഭാര്യയും ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളും മാത്രമാണ് വലിയശാല രമേശ് തൂങ്ങി നിൽക്കുന്നത് നേരിൽ കണ്ടത്. ഇവർ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്‌റ്റേഷനിൽ അറിഞ്ഞത്.

കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്‌റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആർക്കും അറിയില്ല. അയൽക്കാർ പോലും വൈകിയാണ് വിലയശാല രമേശിന്റെ തൂങ്ങിമരണത്തെ കുറിച്ച് അറിയുന്നത്. കുടുംബ പ്രശ്‌നങ്ങളിൽ അവർക്കും സംശയങ്ങൾ ഏറെയുണ്ട്. ആശുപത്രിയിൽ നിന്ന് പൊലീസിന് തൂങ്ങി മരണത്തിന്റെ സ്വാഭാവിക സാധ്യതകളാണ് തിരിച്ചറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ വലിയശാല രമേശിന്റെ മരണത്തിൽ തുടരന്വേഷണം പൊലീസ് നടത്തിയതുമില്ല.

വലിയശാല രമേശിനെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നുണ്ട്. വലിയശാല രമേശിന്റെ ഫോണിൽ ഇതിനുള്ള തെളിവ് ഉണ്ടാകുമെന്നും അവർ കരുതുന്നു. പൊലീസ് അന്വേഷണം വേഗത്തിലായാൽ സത്യം പുറത്തുവരുമെന്നാണ് അവർ പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യത്തിൽ പ്രാഥമിക തെളിവ് ശേഖരണം നടത്തുണ്ട്. വലിയശാല രമേശിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് വികാരമാണ് സീരിയൽ രംഗത്തുള്ളവരും മറുനാടനോട് പങ്കുവച്ചത്.

22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു വലിയശാല രമേശ്. തിരുവനന്തപുരം ആർട്‌സ് കോളേജിൽ പഠിക്കുമ്പോഴാണ് നാടകത്തിൽ സജീവമായത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിനു ശേഷം മിനിസ്‌ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ,എം ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ നടന്റെ വിയോഗ വാർത്ത ആദ്യം അറിയിച്ചത്. ''പ്രശ്‌നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്ന് ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ'' എന്നാണ് ബാദുഷ ഫേസ്‌ബുക്കിൽ കുറിച്ചത്.

നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു.. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ,മനസ്സിലാകുന്നില്ലല്ലോ.. ഒന്നും അറിയുന്നില്ലല്ലോ, എന്നായിരുന്നു സീമ ജി.നായരുടെ വാക്കുകൾ. ഇത്തരം പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ.